Image:@ndtv
ട്രെയിനിലുണ്ടായ സീറ്റുതര്‍ക്കത്തിനു പിന്നാലെ യുവതിയെ ബെല്‍റ്റൂരി തല്ലിയ 36കാരന്‍ പിടിയില്‍. മുംബൈ ലോക്കൽ ട്രെയിനിൽ ആണ് സംഭവം. ഗോറെഗാവിൽ നിന്നും സിഎസ്എംടിയിലേക്ക് പോകുകയായിരുന്ന ഹാർബർ ലൈൻ ട്രെയിനിൽ ആണ് യുവതിക്ക് മര്‍ദനമേറ്റത്. മുഹമ്മദ് റിസ്‌വാന്‍ അന്‍സാരിയാണ് പിടിയിലായത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Also Read: രക്ഷാപ്രവര്‍ത്തനത്തിന് പിഴ; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍; നടപടിക്കെതിരെ പ്രതിഷേധം
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടക്കുന്നത്. സീറ്റിനെച്ചൊല്ലി ഇരുവരും തമ്മില്‍ ആദ്യം വാക്കുതര്‍ക്കമുണ്ടാവുകയും പിന്നാലെ കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. വാക്കുതര്‍ക്കത്തിനിെട പ്രതി ബെല്‍റ്റൂരി യുവതിയെ മര്‍ദിച്ചു. ഈ അതിക്രമത്തിന്റെ വിഡിയോ സഹയാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. മര്‍ദിക്കുകയും യുവതിക്കു നേരെ അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തതായി വിഡിയോയില്‍ വ്യക്തമാണ്.
Also Read: ഫ്രൈഡ് ചിക്കനിൽ കോണ്ടം? പോപ്പെയ്സിനെതിരെ 12 കോടി നഷ്ടപരിഹാര കേസ് നല്‍കി ദമ്പതികള്‍
വിഡിയോ വൈറലായതോട് കൂടിയാണ് സംഭവത്തില്‍ നടപടിയുമായി റെയില്‍വേ പൊലീസ് രംഗത്തെത്തിയത്. വീഡിയോയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. അന്ധേരി ഗവൺമെന്റ് റെയിൽവേ പോലീസ് വടാലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. യുവതിയെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് കയ്യേറ്റം ചെയ്യുകയും ബലപ്രയോഗം നടത്തുകയും ചെയ്ത കുറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74 പ്രകാരം പൊലീസ് അന്‍സാരിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.