ജന്തർ മന്ദറിൽ നിരാഹാരം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യ നിലയിൽ ആശങ്ക പങ്കുവെച്ച് ഗായിക ചിന്മയി ശ്രീപദ. വാങ്ചുക്കിനോട് ഉപവാസം അവസാനിപ്പിക്കാൻ അഭ്യർഥിക്കുകയാണ് ചിന്മയി. വാങ്‌ചുക്ക് തന്റെ ജീവൻ ബലികഴിച്ചാൽ പോലും കേന്ദ്ര സർക്കാരിന് ഒട്ടും ഖേദമുണ്ടാകില്ലെന്നും ചിന്മയി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ തുറന്നടിച്ചു.
'എന്റേത് വളരെ അഴിമതി നിറഞ്ഞ, മനസ്സാക്ഷിയില്ലാത്ത ഒരുപാട് ആളുകളാൽ ഭരിക്കപ്പെടുന്ന മനോഹരമായ ഭൂമിയാണ്. അവരുടെ അനുയായികൾ അവരുടെ യജമാനന്മാരെപ്പോലെ ക്രൂരന്മാരാണ്. ധർമം എന്ന വാക്ക് ഓരോ നിമിഷവും ദുരുപയോഗം ചെയ്യുന്നു. തെമ്മാടികളുടെ കയ്യിൽപ്പെട്ട മനോഹരമായ രാജ്യം. ദൈവം എന്റെ രാജ്യത്തെ രക്ഷിക്കട്ടെ' എന്നായിരുന്നു ചിന്മയിയുടെ പോസ്റ്റ്.
അതേസമയം സോനം വാങ്‌ചുക്ക് ജന്തർമന്ദറിൽ നടത്തുന് നിരാഹാര സമരം 18 ദിവസം പൂർത്തിയായി. ജൂണ്‍ 28 മുതലാണ് കോക്കറോച്ച് ജനതാ പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോനം വാങ്ചുക് നിരാഹാരം ആരംഭിച്ചത്. നീറ്റ് പരീക്ഷയിലും മറ്റ് മല്‍സര പരീക്ഷകളിലും വന്ന പാകപ്പിഴകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാണ് കോക്കറോച്ച് ജനതാ പാര്‍ട്ടിയുടെ ആവശ്യം.