യൂറോപ്പില്‍ തീവ്ര താപതരംഗം മൂലം വലയുകയാണ് ജനം. ഫ്രാൻസ്, യുകെ, സ്‍പെയിൻ, ജർമനി തുടങ്ങി യൂറോപ്പിൽ പലയിടത്തും താപനില 40 ഡിഗ്രി സെൽഷസിലെത്തി. മരണം ആയിരം കടന്നതായതാണ് സൂചനകള്‍. യൂറോപ്പിലെ റോഡുകളെയും റെയിൽവേ സംവിധാനങ്ങളെയും ഈ കനത്ത ചൂട് ബാധിച്ചിട്ടുണ്ട്. അടുത്തിടെ ഫ്രാൻസിൽ റോഡുകളിലെ ടാർ ഉരുകി ഒലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വേനൽക്കാലത്ത് 45 ഡിഗ്രി സെൽഷസിന് മുകളിൽ താപനില രേഖപ്പെടുത്തുന്ന ഇന്ത്യയിൽ എന്തുകൊണ്ട് റോഡുകൾക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നില്ല? അതിന് കാരണമുണ്ട്...
യുകെ പോലുള്ള രാജ്യങ്ങളിൽ തണുപ്പുകാലമാണ് കൂടുതൽ. മഞ്ഞുവീഴ്ചയും തണുപ്പും കാരണം റോഡുകളിൽ വിള്ളലുകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത് തടയാൻ വേണ്ടി, റോഡ് വികസിക്കുമ്പോഴും ചുരുങ്ങുമ്പോഴും നശിക്കാതിരിക്കാന്‍ ‘ഹോട്ട് റോളഡ് അസ്ഫാൽറ്റ്’ പോലുള്ളവയാണ് അവിടെ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇതിൽ ബിറ്റുമിന്റെ (ടാർ) അളവ് കൂടുതലായിരിക്കും. ഈ വഴക്കമുള്ള (flexibility) സ്വഭാവം തണുപ്പുകാലത്ത് റോഡുകളെ സംരക്ഷിക്കുന്നു. എന്നാൽ, താപനില വര്‍ധിക്കുമ്പോള്‍ ഇതേ ബിറ്റുമിൻ ഉരുകി റോഡ് മൃദുവാകാൻ തുടങ്ങും.
എന്നാല്‍ വർഷത്തിൽ ഭൂരിഭാഗവും കടുത്ത ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഈ വെല്ലുവിളിയെ നേരിടാൻ പ്രത്യേകം തയ്യാറാക്കിയ ബിറ്റുമിൻ ഗ്രേഡുകളാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. VG-30, VG-40 തുടങ്ങിയ ബിറ്റുമിൻ ഗ്രേഡുകളാണ് ഇന്ത്യയിലെ റോഡുകളിൽ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ഉയർന്ന താപനിലയിലും റോഡിനെ ഘടനയിൽ മാറ്റം വരാതെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. കൂടാതെ, വലിയ കല്ലുകളും (aggregates) ഈ മിശ്രിതത്തിൽ ഉപയോഗിക്കുന്നത് റോഡിന് കൂടുതൽ സ്ഥിരത നൽകുന്നു.
അതായത്, ചൂടില്‍ ഉരുകാത്തതിനാല്‍ ഇന്ത്യയിലെ റോഡുകൾ യൂറോപ്പിലേതിനേക്കാൾ കരുത്തുള്ളതാണെന്നല്ല ഇതിനർത്ഥം. മറിച്ച് ഓരോ രാജ്യവും അവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് റോഡുകൾ നിർമ്മിക്കുന്നത് എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. ചുരുക്കത്തിൽ, യൂറോപ്പിലെ റോഡുകൾ നിർമ്മിച്ചിരിക്കുന്നത് അതിശൈത്യത്തെ അതിജീവിക്കാനാണ്. ഇന്ത്യയിലെ റോഡുകൾ നിർമ്മിച്ചിരിക്കുന്നത് കത്തുന്ന വേനൽച്ചൂടിനെ പ്രതിരോധിക്കാനുമാണ്.