AI Generated Image

മരണാനന്തരച്ചടങ്ങില്‍ പരമ്പരാഗത മധുര പലഹാരമായ 'നെയ്യ് മാൽപുവ' വിളമ്പാത്തതിനെ തുടർന്ന് രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ 40-ലധികം കുടുംബങ്ങൾക്ക് നേരെ സാമൂഹിക വിലക്ക് ഏർപ്പെടുത്തിയതായി പരാതി. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ മന്ദ്വരിയ ഗ്രാമത്തിലാണ് സംഭവം.

ആര്‍ഭാടമായി ചടങ്ങ് നടത്താന്‍ നിവര്‍ത്തിയില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായതിനാല്‍ത്തന്നെ ലളിതമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. അതിനാല്‍ മരണാന്തരച്ചടങ്ങുകളില്‍ പരമ്പരാഗതമായി നല്‍കുന്ന പലഹാരം നല്‍കാന്‍ കുടുംബത്തിന് സാധിച്ചില്ല. ഇതില്‍ പ്രകോപിതരായ നാട്ടിലെ പ്രമാണിമാരാണ് ഊരുവിലക്കിന് നേതൃത്വം നല്‍കിയത്. കുടുംബത്തെയും കുടുംബത്തെ പിന്തുണച്ച് മറ്റു 48 കുടുംബങ്ങളെയും ഊരുവിലക്കാനായിരുന്നു ഉത്തരവ്. തീരുമാനം ലംഘിക്കുന്നവർ 11,000 രൂപ പിഴയൊടുക്കണമെന്നും സാമൂഹികവിരുന്ന് നടത്തണമെന്നും മൂപ്പന്മാരുടെ കല്പനയുണ്ട്.

ഗ്രാമത്തിലെ റേഷന്‍കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും പൊതു കിണറില്‍ നിന്ന് വെള്ളമെടുക്കാനും ഈ കുടുംബങ്ങള്‍ക്ക് സാധിക്കുന്നില്ല. വിലക്കുകാരണം ഗ്രാമത്തിലെ ബന്ധുവിന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും കുടുംബങ്ങള്‍ പറയുന്നു.

സാമൂഹിക വിലക്ക് നേരിടുന്ന 43 കുടുംബങ്ങളും ജില്ലാ കളക്ടറെ സമീപിച്ച് നിവേദനം നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഇത് വൈരാഗ്യത്തിന്റെ പുറത്തുണ്ടായ സംഭവമാണെന്ന് സംശയിക്കുന്നതായും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Social boycott in a Rajasthan village has impacted over 40 families who were unable to serve the traditional sweet 'Naye Malpua' at a funeral ceremony due to financial constraints. This incident highlights deep-rooted traditional practices and the severe consequences faced by those who cannot adhere to them.