TAGS

രാജസ്ഥാൻ ചരിത്രത്തിൽ വമ്പൻ മാറ്റത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പാലി ജില്ലയിലെ ഖേർവ ഗ്രാമം. നൂറ്റാണ്ടുകളായി പുരുഷന്മാർക്ക് മാത്രം അവകാശപ്പെട്ട രാജകുടുംബ പാരമ്പര്യം തിരുത്തി, 13 വയസ്സുകാരി തേജസ്വി കുമാരി ജോധയെ പിൻഗാമിയായി ഖേർവഗഡ് രാജകുടുംബം പ്രഖ്യാപിച്ചു. അന്തരിച്ച പിതാവ് ഹരീഷ് ചന്ദ്ര ജോധയുടെ വിയോഗത്തിന് ശേഷമാണ് രജപുത്ര പിന്തുടർച്ചാ സമ്പ്രദായത്തിലെ ചരിത്രപരമായ തീരുമാനം.

ഖേർവ കോട്ടയിൽ നടന്ന പരമ്പരാഗത പാഗ് കാ ദസ്തൂർ ചടങ്ങിലാണ് തേജസ്വി കുമാരിയെ കുടുംബത്തിന്റെ അവകാശിയായി വാഴിച്ചത്. പതിറ്റാണ്ടുകളായി പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ചടങ്ങിൽ, ഒരു പെൺകുട്ടിക്ക് സ്ഥാനം നൽകുന്നത് ഇതാദ്യമാണ്.

കുടുംബത്തിൽ പുരുഷ പിൻഗാമികൾ ഇല്ലാത്തതിനാൽ 65 വർഷങ്ങൾക്ക് മുമ്പ് സമാന നീക്കം നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ചടങ്ങിൽ, ജോധ്പൂർ- മാർവാർ മുൻ രാജകുടുംബം അയച്ച പരമ്പരാഗത പിങ്ക് തലപ്പാവ് തേജസ്വിയെ അണിയിച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും പൈതൃകവും അവൾ ഏറ്റെടുത്തുവെന്നതിന്റെ പ്രതീകമായാണ് ഇത്. നെറ്റിയിൽ രക്തം തൊട്ടുള്ള തിലകവും ചാർത്തി. 

സമൂഹത്തിലെ മുതിർന്നവരും ഗ്രാമവാസികളും ചേർന്നെടുത്ത തീരുമാനം ലിംഗഭേദമില്ലാതെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സ്ത്രീകൾക്കും കഴിയുമെന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പിതാവ് ഗ്രാമത്തിന്റെ വികസനത്തിനായി കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ശ്രമിക്കുമെന്നാണ് തേജസ്വിയുടെ പ്രതികരിച്ചു.

ENGLISH SUMMARY:

A historical succession has occurred in Rajasthan's Kherwa village, with 13-year-old Tejaswi Kumari Jodha declared the heir to the Kherwad royal family, breaking centuries of male-only tradition.