‘ഗ്രീന്‍ ബൂട്ട്സ്’ എന്നറിയപ്പെടുന്ന പര്‍വ്വതാരോഹകന്‍റെ മൃതദേഹം (ഫയല്‍ ചിത്രം– 2006– AP Photo/Dave Watson)

1996ലെ എവറസ്റ്റ് പർവതാരോഹണത്തിനിടെ കാണാതായ ജവാന്‍റെ മൃതദേഹം തിരികെ കൊണ്ടുവരാൻ ഇന്ത്യ. എവറസ്റ്റിന്‍റെ വടക്കുകിഴക്കൻ റിഡ്ജ് റൂട്ടിലുള്ള ‘ഗ്രീൻ ബൂട്ട്സ്’ എന്നറിയപ്പെടുന്ന പർവതാരോഹകന്റെ മൃതദേഹമാണ് വീണ്ടെടുക്കുന്നത്. ഇതിനായി സ്പെഷലിസ്റ്റ് ഹൈ-ആൾട്ടിറ്റ്യൂഡ് റിക്കവറി ഏജൻസിയെ നിയമിക്കുന്നതിനുള്ള ടെൻഡർ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ക്ഷണിച്ചു കഴിഞ്ഞു. മൃതദേഹം തിരികെ കൊണ്ടുവന്ന് ആദരപൂർവ്വം സംസ്കരിക്കുകയാണ് ലക്ഷ്യം.

1996ലെ കനത്ത മഞ്ഞുവീഴ്ചയിലാണ് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ അംഗങ്ങളായ ലാൻസ് നായിക് ദോർജെ മൊറുപ്, സുബേദാർ സേവാങ് സമാൻല, ഹെഡ് കോൺസ്റ്റബിൾ സേവാങ് പാൽജോർ എന്നിവരെ കാണാതായത്. മൂന്ന് പേരും കൊടുമുടിയുടെ അടുത്തെത്തിയെങ്കിലും ‘ഡെത്ത് സോണില്‍’ വച്ച് മലകയറ്റം നിർത്തി തിരികെ പോകാൻ നിർബന്ധിതരായി എന്നാണ് കരുതപ്പെടുന്നത്. 8,570 മീറ്റർ ഉയരത്തിൽ സെക്കൻഡ് സ്റ്റെപ്പ് എന്നറിയപ്പെടുന്ന സ്ഥലത്തിന് മുകളിൽ മൂന്ന് ഹെഡ്‌ലാമ്പുകൾ നീങ്ങുന്നത് കണ്ടതായി സംഘത്തിലെ മറ്റ് മൂന്നുപേര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ വെളിച്ചവും നിലച്ചു... മൂന്ന് പേരും പിന്നീട് തിരികെയെത്തിയതുമില്ല...

കാണാതായവരില്‍ ആരുടെ മൃതദേഹമാണിതെന്ന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കവിഷയമാണ്. ഇളം പച്ച നിറത്തിലുള്ള ബൂട്ടുകള്‍ കാരണം ‘ഗ്രീൻ ബൂട്ട്സ്’ എന്നാണ് മൃതദേഹം അറിയപ്പെടുന്നത്. ലാൻസ് നായിക് ഡോർജെ മൊറൂപ്പിന്റെ മൃതദേഹമാണിതെന്ന് ചിലർ വിശ്വസിക്കുമ്പോൾ. ഹെഡ് കോൺസ്റ്റബിൾ ത്സെവാങ് പാൽജോർ ആണെന്ന് അവകാശപ്പെടുന്ന മറ്റരൊരു വിഭാഗവുമുണ്ട്. അതേസമയം, ഐടിബിപി പുറത്തിറക്കിയ ടെൻഡർ രേഖകളിൽ ലാൻസ് നായിക് ഡോർജെ മൊറൂപ്പിന്റെ പേരിനൊപ്പമാണ് 'ഗ്രീൻ ബൂട്ട്സ്' എന്ന് പരാമർശിച്ചിട്ടുള്ളത്.

എവറസ്റ്റിന്റെ വടക്കുഭാഗത്ത് ടിബറ്റിനോട് ചേര്‍ന്ന് ഏകദേശം 27,700 അടി ഉയരത്തിലുള്ള 'ഡെത്ത് സോണിലാണ്' (Death Zone) മൃതദേഹം സ്ഥിതി ചെയ്യുന്നത്. എവറസ്റ്റിലെ ഡെത്ത് സോണിൽ നിന്ന് മൃതദേഹം വീണ്ടെടുക്കുക എന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ദൗത്യങ്ങളിൽ ഒന്നാണ്. ഇവിടെ ഓക്സിജൻ അളവ് വളരെ കുറവായതിനാൽ മനുഷ്യജീവൻ നിലനിർത്തുക അതീവ ദുഷ്കരമാണ്. മഞ്ഞുവീഴ്ച, കൊടുങ്കാറ്റ് എന്നിവ ഉയര്‍ത്തുന്ന വലിയ ഭീഷണികൾക്കിടയിൽ ഷെർപ്പകൾക്ക് പോലും ഇത് വലിയ വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

2026 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിന് ഇടയില്‍ ദൗത്യം പൂർത്തിയാക്കാനാണ് ഐടിബിപി ലക്ഷ്യമിടുന്നത്. ഇതിനായി ആറുപേരടങ്ങുന്ന പരിചയസമ്പന്നരായ നേപ്പാളി ഷെർപ്പകളെ നിയോഗിക്കും. മാത്രമല്ല, ചൈനീസ് അധികൃതരിൽ നിന്ന് അനുമതി വാങ്ങുക, ടിബറ്റ്- നേപ്പാൾ അതിർത്തി കടന്നുള്ള സഞ്ചാരം, നിയമപരമായ നടപടികൾ എന്നിവയും കടമ്പകളാണ്.

മൂന്ന് പതിറ്റാണ്ടായി ഡെത്ത് സോണില്‍ സ്ഥിതിചെയ്യുന്ന ‘ഗ്രീന്‍ ബൂട്ട്സ്’ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്നതിന്‍റെ വെല്ലുവിളികളെക്കുറിച്ചുള്ള എക്കാലത്തെയും ഓർമ്മപ്പെടുത്തലാണ്. എവറസ്റ്റിലാതകെ ഇത്തരത്തില്‍ ഇരുന്നൂറോളം മൃതദേഹങ്ങളുണ്ടെന്നാണ് കരുതുന്നത്. അതും എവറസ്റ്റിന്‍റെ തണുപ്പില്‍... മരവിച്ച്... ജീര്‍ണിക്കാതെ... അവയിൽ ഭൂരിഭാഗവും ‘ഡെത്ത് സോണിലാണ്’. കാലാവസ്ഥാ വ്യതിയാനം എവറസ്റ്റിലെ മഞ്ഞുരുക്കുന്നതിനാല്‍ കൂടുതൽ മൃതദേഹങ്ങൾ മഞ്ഞിനടിയില്‍ നിന്നും പുറത്തുവന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

ENGLISH SUMMARY:

The Indo-Tibetan Border Police (ITBP) has officially initiated a high-stakes mission to recover the mortal remains of Indian soldier Lance Naik Dorje Morup, widely known as the "Green Boots" climber, from the North Ridge of Mount Everest. Morup was one of three ITBP members who went missing during a catastrophic blizzard in 1996 while attempting to reach the summit. The recovery of this body—located in the treacherous "Death Zone" at approximately 8,570 meters—is considered one of the most perilous mountaineering challenges globally due to extreme altitude, thin oxygen levels, and unpredictable weather. The ITBP has issued a tender for a specialized high-altitude recovery agency, planning a mission for the summer of 2026 involving experienced Sherpas. Beyond the physical dangers, the mission must navigate complex international protocols, including securing permissions from Chinese authorities for operations on the Tibetan side of the mountain. This effort serves as both a tribute to the fallen soldiers and a response to the increasing visibility of historical remains on the mountain due to accelerating glacial melt.