tribal-cultural-festival-red-fort-delhi

TOPICS COVERED

രാജ്യത്തിന്റെ വൈവിധ്യമാർന്ന ഗോത്ര പാരമ്പര്യം വിളിച്ചോതി ഡൽഹി ചെങ്കോട്ടയിൽ പ്രൗഢമായ ഗോത്ര സാംസ്‌കാരിക സംഗമം നടന്നു. ഭഗവാൻ ബിർസ മുണ്ടയുടെ നൂറ്റമ്പതാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ അഞ്ഞൂറ്റമ്പതിലധികം ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള ഒന്നര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യാതിഥിയായ ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ഗോത്ര പ്രതിനിധികളും സജീവ സാന്നിധ്യമായി.

 

ചുട്ടുപൊള്ളുന്ന ഡൽഹിയുടെ ഹൃദയത്തിലൂടെ പരമ്പരാഗത താളമേളങ്ങളുടെ അകമ്പടിയോടെയാണ് ഗോത്രവിഭാഗങ്ങൾ നടന്നുനീങ്ങിയത്. വേഷത്തിലും ഭാഷയിലും വ്യത്യസ്തത പുലർത്തുമ്പോഴും, ഗോത്ര പാരമ്പര്യത്തിന്റെ ഒരൊറ്റ ചരടിൽ കോർത്തിണക്കിയ ദേശീയ ഐക്യത്തിന്റെ നേർക്കാഴ്ചയായി ഈ യാത്ര മാറി. പങ്കെടുത്തവരിൽ ഭൂരിഭാഗം പേരുടെയും മുഖത്ത് തലസ്ഥാന നഗരി ആദ്യമായി കാണുന്നതിന്റെ അത്ഭുതവും പ്രകടമായിരുന്നു. രാംലീല മൈതാനവും രാജ്ഘട്ടും ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച സാംസ്‌കാരിക യാത്രകൾ ചെങ്കോട്ട മൈതാനത്താണ് സംഗമിച്ചത്. കേരളത്തിലെ നാല് ജില്ലകളിൽ നിന്നായി ഏഴ് ഗോത്രവിഭാഗങ്ങളിൽ പെട്ട 50 അംഗങ്ങളാണ് റാലിയിൽ അണിനിരന്നത്.

 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള പ്രതിനിധികൾക്കൊപ്പമാണ് കേരളത്തിൽ നിന്നുള്ള സംഘം നീങ്ങിയത്. 'ജൻജാതി സുരക്ഷാ മഞ്ചിന്റെ' നേതൃത്വത്തിൽ നടന്ന സംഗമത്തിൽ പങ്കെടുത്ത ഓരോ വിഭാഗത്തിനും തങ്ങളുടെ അസ്തിത്വവും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിക്കാനുണ്ടായിരുന്നത്. അതോടൊപ്പം, മതപരിവർത്തനം നടത്തിയവരെ പട്ടികവർഗ്ഗ പദവിയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന ആവശ്യവും സംഗമത്തിൽ ഉയർന്നു കേട്ടു.

ENGLISH SUMMARY:

Tribal cultural festival at Delhi's Red Fort showcased India's diverse tribal heritage, celebrating Bhagwan Birsa Munda's 150th birth anniversary with over 1.5 lakh participants from 500+ tribal communities. This grand event, attended by Union Home Minister Amit Shah, highlighted the unity and rich traditions of India's indigenous peoples.