ദുബായിലെ ധനികരായ ഇന്ത്യൻ പ്രവാസികൾ അതിഥികളായെത്തുന്ന നെറ്റ്ഫ്‌ളിക്‌സ് റിയാലിറ്റി ഷോയായ ദേസി ബ്ലിങ്ങില്‍ പ്രമുഖ വ്യവസായി ദമ്പതികളായ സതീഷ് സൻപാലും ഭാര്യ തബിന്ദ സൻപാലും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. സതീഷ് മറ്റ് സ്ത്രീകള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്ന തബിന്ദയുടെ പരാമര്‍ശങ്ങളാണ് വലിയ ചര്‍ച്ചയാവുന്നത്. 

തന്‍റെ ജീവിതരീതിയെ പറ്റി സതീഷ് തുറന്നുപറഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. 'പണം ദൈവമല്ല, പക്ഷേ ദൈവത്തെക്കാള്‍ ഒട്ടും താഴെയുമല്ല. സ്ത്രീകള്‍ നമ്മെ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്, അതുകൊണ്ടാണ് താന്‍ ആകര്‍ഷകമായ വസ്ത്രങ്ങള്‍ ധരിക്കുന്നത്,' എന്നായിരുന്നു ഷോയിലിരുന്ന് സതീഷ് പറഞ്ഞത്. 

എന്നാല്‍ സതീഷിന്‍റെ പരാമര്‍ശങ്ങളെ തബിന്ദ പ്രതിരോധിക്കുകയാണ് ചെയ്തത്. 'സതീഷിന് മറ്റ് സ്ത്രീകളോടൊപ്പം സമയം ചിലവഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. എനിക്ക് അസൂയ ഉണ്ടായിരുന്നു, എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു. അദ്ദേഹം മറ്റ്  സ്ത്രീകളോടൊപ്പം പാർട്ടി ചെയ്യുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷെ സ്ഥിരമായി ഒരേ സ്ത്രീയോടൊപ്പം  സമയം ചിലവഴിച്ചാൽ അത് പ്രശ്നമാണ്, കാരണം അവിടെ ഒരു വൈകാരിക ബന്ധം വരാൻ സാധ്യതയുണ്ട്,' തബിന്ദ പറഞ്ഞു. 

എല്ലാ ദിവസവും രാവിലെ ഭാര്യ ഭർത്താവിന്റെ കാൽ തൊട്ട് വന്ദിച്ചാൽ വീട്ടിലേക്ക് ഒരുപാട് ലക്ഷ്മി വരും എന്നാണ് സതീഷ് വിശ്വസിക്കുന്നത്. അതിനാല്‍ എല്ലാ ദിവസവും രാവിലെ താന്‍ സതീഷിന്‍റെ കാൽ തിരുമ്മി കൊടുക്കാറുണ്ടെന്നും തബിന്ദ പറഞ്ഞു. 

 

പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശനം കടുത്തത്. വിവാഹേതര ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്നാണ് സംവിധായിക ലക്ഷ്മി ആര്‍.അയ്യര്‍ പറഞ്ഞത്. 'ഒരേ സ്ത്രീ തന്നെ ആവര്‍ത്തിക്കപ്പെടുന്നില്ലെങ്കില്‍ ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ഒരു ഭാര്യ പറയുന്നത് കേട്ടു. ഈ വിഡ്ഢിത്തം സാധാരണമാക്കുന്നത് നിര്‍ത്തൂ. വിശ്വസ്തതയും സത്യസന്ധതയും ഇന്നും ആകര്‍ഷകമാണ്. നിങ്ങളെ മറ്റെന്തെങ്കിലും രീതിയില്‍ ബോധ്യപ്പെടുത്താൻ സോഷ്യൽ മീഡിയയെ അനുവദിക്കരുത്,' ലക്ഷ്മി പറഞ്ഞു. 

ENGLISH SUMMARY:

Desi Bling Netflix show is facing controversy after statements made by wealthy Indian expats Satish Sanpala and Tabinda Sanpala. Tabinda's assertion that she doesn't mind Satish spending time with other women has sparked significant debate and criticism. The show, featuring affluent Indian expatriates in Dubai, has drawn ire for its potentially controversial views on relationships and infidelity.