നോര്‍വേയില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിൽ, രാജ്യാന്തര സമൂഹം എന്തിന് ഇന്ത്യയെ വിശ്വസിക്കണമെന്ന് എന്ന ഒരു മാധ്യമ പ്രവര്‍ത്തക. ഇന്ത്യയുടെ ജനാധിപത്യം, മനുഷ്യാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. പിന്നാലെ മറുപടിയുമായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജെത്തി. ‘ഇന്ത്യയുടെ വ്യാപ്തിയെക്കുറിച്ച് പലർക്കും ഒരു ധാരണയുമില്ല. ഏതോ അജ്ഞാതരായ, നിക്ഷിപ്ത താൽപര്യക്കാരായ ചില എൻജിഒകൾ പ്രസിദ്ധീകരിക്കുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകൾ മാത്രം വായിച്ച്, യാഥാർഥ്യം മനസ്സിലാക്കാതെയാണ് പലരും ചോദ്യങ്ങളുമായി വരുന്നത്’ എന്നായിരുന്നു സിബി ജോര്‍ജിന്‍റെ മറുപടി. ഇന്ത്യയുടെ 5000 വർഷം പഴക്കമുള്ള സംസ്കാരത്തെയും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനാ അവകാശങ്ങളെയും കോവിഡ് -19 പോലുള്ള ആഗോള പ്രതിസന്ധികളിലെ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

മാത്രമല്ല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വെല്ലുവിളി നേരിടുന്നുവെന്നും മാധ്യമ സ്വാതന്ത്ര്യം അപകടത്തിലാണെന്നുമുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്‍റെ പ്രസ്താവനയെയും അദ്ദേഹം പ്രതിരോധിച്ചു. ചടുലമായ ജനാധിപത്യമാണ് ഇന്ത്യയിലുള്ളതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടില്ലെന്നും മറിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഇന്ത്യയെ കുറിച്ചും ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ചുമുള്ള അറിവില്ലായ്മയെ തുടര്‍ന്നാണെന്നും സിബി ജോര്‍ജ് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ ബലികഴിക്കാതെയാണ് ഇന്ത്യ സാമ്പത്തിക– സാമൂഹിക മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ആറിലൊന്ന് ജനങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും ആറിലൊന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ സന്ദര്‍ശനത്തിന് മുന്‍പായി മാധ്യമങ്ങളെ കണ്ടപ്പോളായിരുന്നു ഡച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം.

സിബി ജോര്‍ജിന്‍റെ മറുപടികളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായായി. ഒരുപാട് പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രംഗത്തെത്തുകയും ചെയ്തത്. ആരാണ് സിബി ജോര്‍ജ് എന്ന് പലരും ഓണ്‍ലൈനില്‍ തിരഞ്ഞു... തന്‍റെ മറുപടികൊണ്ട് ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയ സിബി ജോര്‍ജ് ഒരു കോട്ടയംകാരന്‍ കൂടിയാണ്. നിലവിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിൽ (എംഇഎ) സെക്രട്ടറി (വെസ്റ്റ്) ആയി സേവനമനുഷ്ഠിക്കുന്നു.

കോട്ടയം ജില്ലയിലെ പാലായിൽ, പൊടിമറ്റം കുടുംബത്തിലാണ് ജനനം. ഈജിപ്തിലെ കയ്റോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നത വിദ്യാഭ്യാസം. ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരു, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ഹൈദരാബാദ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം. 1993ല്‍ ഇന്ത്യൻ ഫോറിൻ സർവീസിലേക്ക്.

ഇന്ത്യയ്ക്ക് അകത്തും പുറത്തും നിർണായക പദവികൾ സിബി ജോര്‍ജ് വഹിച്ചിട്ടുണ്ട്. കെയ്‌റോ, ദോഹ, ഇസ്ലാമാബാദ്, വാഷിങ്ടൻ ഡിസി, ടെഹ്‌റാൻ, റിയാദ്, ഇസ്‌ലാമാബാദ് തുടങ്ങിയ നഗരങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ, വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡൽഹിയില്‍ ഈസ്റ്റ് ഏഷ്യ ഡിവിഷൻ, ഇന്ത്യ-ആഫ്രിക്ക ഫോറം സമ്മിറ്റ് കോർഡിനേഷൻ ടീം എന്നിവയിലും നിർണായക പദവികൾ വഹിച്ചു. 2014ൽ നയതന്ത്ര രംഗത്തെ മികവിന് ‘എസ്കെ. സിങ് അവാർഡ്’ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ‘സെക്രട്ടറി (വെസ്റ്റ്)’ ആയി ചുമതലയേൽക്കുന്നതിന് മുൻപ് അദ്ദേഹം പ്രമുഖ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡർ (എൻവോയ്) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ജപ്പാന്‍ അംബാസഡറായിരുന്ന കാലത്ത് ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളിലും പ്രതിരോധ മേഖലയിലും വലിയ പുരോഗതിയുണ്ടായി. യൂറോപ്യൻ രാജ്യങ്ങളുമായും വത്തിക്കാനുമായുമുഉള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ഊഷ്മളമായി. കോവിഡ് കാലത്ത് പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. ഹോളി സീയിലേക്കും ലിച്ചെൻസ്റ്റൈനിലേക്കുമുള്ള ഇന്ത്യയുടെ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രശസ്ത ചിത്രകാരിയായ ജോയ്സ് ജോൺ പാമ്പൂരേത്താണ് അദ്ദേഹത്തിന്റെ പങ്കാളി. ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്.

ENGLISH SUMMARY:

In a media briefing held in Norway, India's Ministry of External Affairs Secretary (West) Sibi George gave a sharp and fitting response to international journalists questioning India's democratic values, human rights record, and press freedom. Dismissing critiques rooted in biased data, George pointed out that many global commentators base their opinions on superficial reports published by certain isolated NGOs with vested interests rather than understanding the vast realities of India. He fiercely backed India's dynamic 5,000-year-old heritage, its constitutional rights, and its proactive role during global crises like COVID-19 to counter statements from Dutch Prime Minister Rob Jetten regarding minority safety. The 1993-batch IFS officer from Pala, Kottayam, who previously elevated India's strategic and defense ties during his diplomatic stints as an ambassador to key countries, highlighted that India accommodates one-sixth of humanity responsibly without creating global issues. His articulate, unapologetic performance has gone viral across social media platforms, drawing massive praise from citizens and strategic experts globally.