രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി 2026 ജനുവരി മുതലുള്ള 12 ആഴ്ച്ചക്കാലയളവില്‍ 9,400-ലധികം വാട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സൈബർക്രൈം കോഡിനേഷൻ സെന്ററാണ് ഇക്കാര്യം അറിയിച്ചത് .
ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ തട്ടിപ്പിന് ഇരയാകുന്നത് തടയാനാണ് വാട്സാപ്പ് ഇത്തരത്തില്‍ ഒരു അന്വേഷണ ആരംഭിച്ചത്. മാത്രമല്ല ഇത്തരം സംഭവങ്ങള്‍ വരും കാലങ്ങളില്‍ തടയുന്നതിന് പുതിയ ഫീച്ചറുകളും വാട്സാപ്പ് തുടങ്ങിയിട്ടുണ്ട്. അപരിചിതരിൽ നിന്ന് ആദ്യമായി സന്ദേശം വരുമ്പോൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും, അപരിചിതരായ കോൺടാക്റ്റുകളുടെ അക്കൗണ്ടിന്റെ പഴക്കം മനസിലാക്കാന്‍ കഴിയും. വ്യാജ ലോഗോകൾ തിരിച്ചറിയാൻ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കും തുടങ്ങിയവയായിരിക്കും പുതിയ ഫിച്ചറുകള്‍.
അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഐടി മന്ത്രാലയം എന്നിവയുമായി ചേർന്നാണ് ഈ നീക്കം നടത്തിയത്. തട്ടിപ്പിന് ഉപയോഗിച്ച ഫോണുകളുടെ ഐഡികൾ ബ്ലോക്ക് ചെയ്യാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പ് അക്കൗണ്ടുകളിൽ ഭൂരിഭാഗവും കംബോഡിയ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് വാട്സാപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. എന്നാല്‍ തട്ടിപ്പുകാർ പണം കൈമാറുന്നതും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും വാട്സാപ്പിന് പുറത്തുള്ള സംവിധാനങ്ങൾ വഴിയായതിനാൽ, ആപ്പിലെ അക്കൗണ്ടുകൾ നിരോധിക്കുന്നത് കൊണ്ട് മാത്രം തട്ടിപ്പ് പൂർണ്ണമായി അവസാനിക്കില്ല. കുറ്റവാളി സംഘങ്ങളെ പിടികൂടാൻ വിവിധ അന്വേഷണ ഏജൻസികൾ ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് വാട്സാപ്പ് വ്യക്തമാക്കി.