സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവു ജയില്‍ മോചിതയായി. ഒരു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് നടി പുറത്തിറങ്ങുന്നത്. ദുബായില്‍ നിന്നും 12.56 കോടി വിലമതിക്കുന്ന 14.2കിലോ സ്വര്‍ണം കടത്തിയ കേസിലാണ് രന്യ റാവു 2025 മാര്‍ച്ചില്‍ പിടിയിലായിരുന്നത്.
കോഫെപോസെ (Conservation of Foreign Exchange and Prevention of Smuggling Activities Act, 1974) നിയമം അനുസരിച്ചായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത് . ഒരു വര്‍ഷത്തേക്ക് ജാമ്യം കിട്ടാത്ത ഈ വകുപ്പു ചുമത്തിയതിനാല്‍ വിചാരണത്തടവിലായിരുന്നു രന്യ.ദുബായിൽ നിന്നു സ്വർണം കടത്തിയതിനു പുറമേ ഹവാല ഇടപാടുകളും നടത്തിയെന്നു റവന്യു ഇന്റലിജൻസ് കണ്ടെത്തിയതിനെ തുടർന്നാണ് അന്ന് കോഫെപോസ ചുമത്തിയിരുന്നത്.
മുൻ ഡിജിപി കെ.രാമചന്ദ്ര റാവുവിന്റെ വളർത്തുമകൾ കൂടിയായ രന്യ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. രന്യയ്ക്ക് പിന്നാലെ തെലുങ്ക് നടൻ തരുൺ രാജുവും ബെള്ളാരിയിൽ നിന്നുള്ള സ്വർണവ്യാപാരി സാഹിൽ ജയിനും അറസ്റ്റിലായി. 2024 മാർച്ചിനും 2025 മാർച്ചിനുമിടെ 102.55 കോടി രൂപ വിലയുള്ള 127.3 കിലോ സ്വർണം രന്യയുടെ നേതൃത്വത്തിൽ കടത്തിയതായി റവന്യു ഇന്റലിജൻസ് നൽകിയ പരാതിയിൽ സിബിഐ കേസെടുത്തിരുന്നു.