2026 ഏപ്രിൽ 26, സൂര്യന്‍ അസ്തമിച്ച് തുടങുമ്പോള്‍ ‍ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയവര്‍ സ്തബ്ധരായി. ശരീരത്തില്‍ ഉടനീളം പടര്‍ന്ന കാന്‍സറിനോട് പോരാടി 83-ാം വയസ്സിൽ ഇതിഹാസ ഫോട്ടോജേർണലിസ്‌റ്റ് രഘു റായി മടങ്ങുന്നു. ചേതനയറ്റ ശരീരത്തിൽ, നെഞ്ചോട് ചേർത്ത് ഒരു ഡിജിറ്റൽ ക്യാമറയും,  'കൊഡാക്ക് കളർപ്ലസ് 200' ഫിലിമിന്റെ ഒരു മഞ്ഞ പെട്ടിയും. അത് വെറും അന്ത്യോപചാരമോ നാടകീയതയോ ആയിരുന്നില്ല. രഘു റായിയുടെ അസ്തിത്വത്തിന്റെ അടയാളപ്പെടുത്തലായിരുന്നു.

മനുഷ്യന്റെ എല്ലാ വികാരങ്ങളെയും ചരിത്രത്തിലേക്ക് പകർത്താനും ലോകത്തെ കാണാനും അറിയാനും അദ്ദേഹം ഉപയോഗിച്ച ക്യാമറ. അവസാന യാത്രയിലും പ്രിയപ്പെട്ട ആ ക്യാമറ നെഞ്ചില്‍ ചേര്‍ന്നിരുന്നപ്പോള്‍ അഭേദ്യമായ ബന്ധം പൂർണ്ണമാവുകയായിരുന്നു.  പത്നി ഗുർമീത് സംഗ റായ്, മക്കളായ നിതിൻ, ലഗൻ, പുർവായ്, അവനി എന്നിവർക്കൊപ്പം രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആ അപൂർവ്വ നിമിഷത്തിന് സാക്ഷിയായി. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു. 

1942-ൽ ജനിച്ച രഘുറായ് സിവിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം 23-ാം വയസ്സിൽ യാദൃശ്ചികമായാണ് ഫോട്ടോഗ്രാഫിയിലേക്ക് എത്തിപ്പെടുന്നത്. പിന്നീട് ആ കണ്ണില്‍ പതിഞ്ഞതെല്ലാം ദൃശ്യചരിത്രത്തെ മാറ്റിമറിച്ചു. 

1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ വ്യാപ്തി രാജ്യത്തിന്റെ ഹൃദയത്തിലേക്ക് തറച്ചുകയറിയത് രഘുറായി പകര്‍ത്തിയ കണ്ണുകൾ അടയാത്ത, പാതി മറവ് ചെയ്ത കുഞ്ഞിന്റെ ചിത്രത്തിലൂടെയായിരുന്നു.1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിനിടെ മഴയിലും ചെളിയിലും ജീവനും കെട്ടിപ്പിടിച്ച് അതിർത്തികളിലേക്ക് ഓടുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ രാജ്യം കണ്ടത് രഘുറായിയിലൂടെയായിരുന്നു. രഘുറായിയുടെ അറിയപ്പെട്ട ചിത്രങ്ങളെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റായിരുന്നു. നിറങ്ങൾക്ക് യാഥാർത്ഥ്യത്തെ മറച്ചുവെക്കാൻ കഴിയുമെന്നായിരുന്നു രഘുറായിയുടെ പക്ഷം.

ENGLISH SUMMARY:

Raghu Rai, the legendary photojournalist, passed away at 83, leaving behind a profound legacy in Indian photography. His final moments were marked by his enduring connection to his camera, a symbol of his lifelong dedication to capturing human emotions and history.