ടിവികെ അധ്യക്ഷന്‍ വിജയ്യുടെ പ്രചരണ റാലി ഇന്ന് വലിയ ശ്രദ്ധ നേടിയിരുന്നു. തുറന്ന വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെയും ആരാധകരുടെയും ഇടയിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയാണ് വിജയ് ജനങ്ങളെ ആവേശഭിതരാക്കിയത്. ഇതിനൊപ്പം വലിയ ജനകൂട്ടമാണ് വിജയ്ക്കൊപ്പം ഓടിയെത്തിയത്.
ഇതിനിടയ്ക്കുള്ള ഒരു ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അടുത്തേക്ക് ഓടിയെത്തിയ ഒരു ആരാധകന്‍ ഒരു ബോള്‍ വിജയ്ക്ക് നേരെ എറിഞ്ഞു. പിന്നാലെ വിജയ് സൈക്കിളില്‍ നിന്നും ചാടിയിറങ്ങി. ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരും ഈ സമയത്ത് വിജയ്ക്കടുത്തേക്ക് ഓടിയെത്തി. ഉടന്‍ തന്നെ താരം കാരവാനിലേക്ക് തിരികെ കയറി. ഒപ്പം സുരക്ഷാ വലയം തീര്‍ത്ത് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അതേ സമയം ആരാധകന്‍ എറിഞ്ഞ ബോളില്‍ നിന്നും പൂക്കളായിരുന്നു പുറത്തേക്ക് വന്നത്.
'ബോംബെന്ന് കരുതിയാണോ വിജയ് തിരിഞ്ഞോടിയത്' എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. അതേസമയം ആരാധകര്‍ ക്രമാതീതമായി ചുറ്റും കൂടിയതുകൊണ്ടാണ് താരം സൈക്കിളില്‍ നിന്നും ഇറങ്ങിയതെന്നും ചിലര്‍ വാദിക്കുന്നുണ്ട്. എന്തായാലും ഈ വിഡിയോക്ക് വലിയ പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
അതേസമയം കന്യാകുമാരിയില്‍ ഡിഎംകെയെ കടന്നാക്രമിച്ചും വലിയ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചുമാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. സേവനങ്ങൾ ലഭിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ലെന്നതാണ് ടി.വി.കെയുടെ പ്രധാന വാഗ്ദാനം. സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും ജനങ്ങളുടെ വീട്ടുപടിക്കൽ നേരിട്ടെത്തിക്കും. ഇതിനായി ആധാർ മാതൃകയിൽ ഓരോ പൗരനും പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. ഈ കാർഡ് വഴി ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തുമെന്നും വിജയ് കന്യാകുമാരിയില്‍ ഉറപ്പുനൽകി.