jananayakan

വിജയ് ചിത്രം ജന നായകന്‍റെ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഒറ്റ നടപടിയിലൂടെ തങ്ങള്‍ക്കെതിരെ തിരിയുന്നവര്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് കേന്ദ്രം സിനിമാ മേഖലയിലുള്ളവരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മാണിക്യം ടാഗോര്‍ എംപി പറഞ്ഞു. ചിത്രത്തിന്‍റെ കോപ്പി കേന്ദ്രത്തിന്‍റെ കയ്യിലാണെന്നും നിര്‍മാതാവ് ചിത്രം ലീക്ക് ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. 

'സിനിമ പൂർത്തിയായിക്കഴിഞ്ഞാൽ അതിന്റെ കോപ്പി നിർമാതാവിന്റെ പക്കലായിരിക്കും. സെൻസർ ബോർഡിന് നല്‍കാന്‍ സാങ്കേതിക പ്രവർത്തകർ മറ്റൊരു കോപ്പി കൂടി കരുതും. അങ്ങനെ രണ്ട് കോപ്പികളാണ് ഉണ്ടാവുക. ഇനി സെൻസർ ബോർഡിൽ വെച്ച് മറ്റൊരു കോപ്പി എടുത്തിട്ടുണ്ടെങ്കിൽ അവിടെ ഒരെണ്ണം കാണും. എന്നാൽ ഈ രണ്ട് സ്ഥലങ്ങളിലല്ലാതെ മറ്റൊരിടത്തും സിനിമയുടെ കോപ്പി ഉണ്ടാകാൻ വഴിയില്ല' എന്നാണ് മാണിക്യം ടാഗോര്‍ പറഞ്ഞത്. 

നിര്‍മാതാവ് എന്തായാലും ചിത്രം ലീക്ക് ചെയ്യില്ല. എന്നാൽ സെൻസർ ബോർഡിൽ നിന്ന് എടുത്ത കോപ്പി കേന്ദ്ര സർക്കാരിന്റെ കൈവശമാണുള്ളത് എന്നിങ്ങനെയാണ് അദ്ദേഹത്തിന്‍റെ ആരോപണം. അതേസമയം, ചേര്‍ത്തിയതില്‍ കേന്ദ്രസർക്കാരിന് പങ്കുണ്ടെന്ന് ആരോപിക്കുന്നത് നീചമാണെന്ന് ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പ്രതികരിച്ചു.  

ജനുവരി ഒന്‍പതിന് പൊങ്കല്‍ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തേണ്ടിയിരുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതതോടെ ചിത്രത്തിന്‍റെ പ്രദര്‍ശനം വൈകുകയായിരുന്നു. തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെയാണ് ഏപ്രില്‍ പത്തിന് സിനിമയുടെ എച്ച്.ഡി പകര്‍പ്പ് പൈറസി സൈറ്റുകളിലെത്തിയത്. പിന്നാലെ ക്ലിപ്പുകള്‍ സമൂഹ മാധ്യമ അക്കൗണ്ടുകളിലുമെത്തി. മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയ്ക്ക് വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ജന നായകന്‍. 

ENGLISH SUMMARY:

Malayala Manorama Online News reports on Congress's allegations that the central government is behind the online leak of the Vijay film Jana Nayagan. This incident has sparked political debate and accusations regarding the film's distribution and potential government involvement.