പ്രയാഗ്‌രാജ് കുംഭമേളയിലെ വൈറല്‍ താരം ഐഐടി ബാബയെന്ന് അറിയപ്പെടുന്ന അഭയ് സിങ് വിവാഹിതനായതായി റിപ്പോര്‍ട്ട്. ഭാര്യ എന്ന് പരിചയപ്പെടുത്തുന്ന യുവതിയോടൊപ്പമുള്ള അഭയ്‌യുടെ വിഡിയോകളാണ് ഓൺലൈനിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയില്‍ കാവി വസ്ത്രം ധരിച്ച യുവാവ് മതാപിതാക്കളെ സന്ദര്‍ശിക്കുകയും മാധ്യമങ്ങളുമായി സംവദിക്കുകയും ചെയ്യുന്നതായി കാണാം.

ഈ വിഡിയോകളിലൊന്നാലാണ് താന്‍ വിവാഹിതാനയ കാര്യം അഭയ് തുറന്നുപറയുന്നത്. ഫെബ്രുവരി 15 ന് മഹാ ശിവരാത്രി ദിനം ഹിമാചൽ പ്രദേശിലെ അഘഞ്ജർ മഹാദേവ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹമെന്നും പിന്നീട് ഫെബ്രുവരി 19 ന് വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കർണാടക സ്വദേശിയും എൻജിനീയറുമായ പ്രീതികയെയാണ് അഭയ് വിവാ​ഹം കഴിച്ചത്. ധർമ്മശാലയിൽ തങ്ങൾ ഇപ്പോൾ ലളിതവും സമാധാനപരവുമായ ജീവിതം നയിക്കയാണെന്നും അഭയ് വ്യക്തമാക്കി.

ഹരിയാനയിലെ ഝജ്ജറിൽ നിന്നുള്ള അഭയ് മുംബൈ ഐഐടിയിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിദേശത്തും ഇന്ത്യയിലുമായുള്ള മൾട്ടിനാഷനൽ കമ്പനികളിലെ ജോലി ചെയ്യുകയായിരുന്നു. 2019 മുതൽ കാനഡയിൽ മൂന്നുവർഷം ജോലി ചെയ്ത അഭയ് സിങിന് മാസം മൂന്നു ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2021 ലെ ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. അതിനുശേഷമാണ് എല്ലാമുപേക്ഷിച്ച് ആത്മീയതയിലേക്കു തിരിഞ്ഞത്. ഇതിനിടെ കഴിഞ്ഞ വര്‍ഷം പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്കെത്തിയ അഭയ്‌യുടെ ദൃശ്യങ്ങള്‍ വൈറലാകുകയായിരുന്നു.

അതേസമയം, അഭയ് സിങിന് പിന്നാലെ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അച്ചടക്ക ലംഘനം ചൂണ്ടിക്കാണിച്ച് ഇയാളെ മഹാ കുംഭമേളയിലെ ജുന അഖാരയുടെ ആശ്രമത്തിൽനിന്നു പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കഞ്ചാവ് കൈവശംവച്ച കേസിലും അഭയ് സിങ് അറസ്റ്റിലായിരുന്നു. കഞ്ചാവ് പ്രസാദമായി ലഭിച്ചതാണെന്നാണ് അഭയ് സിങ് പൊലീസിനോടും പിന്നീട് മാധ്യമങ്ങളോടും പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്സുമുണ്ട് ഈ ഐഐടി ബാബയ്ക്ക്.

ENGLISH SUMMARY:

Abhay Singh, the IIT Mumbai alumnus popularly known as 'IIT Baba' from the Prayagraj Kumbh Mela, has officially tied the knot with Preetika, an engineer from Karnataka. The couple got married at the Aghanjjar Mahadev Temple in Himachal Pradesh on Maha Shivratri. After being expelled from Juna Akhara and facing controversies, Abhay Singh has chosen a peaceful life in Dharamshala. His transition from a high-paying aerospace engineering job in Canada to spirituality and now to married life continues to intrigue social media users.