AI Generated Image
മഹാരാഷ്ട്രയില്‍ സൈബർ തട്ടിപ്പ് കേസിൽ അറസ്റ്റിലായി പൊലീസ് ലോക്കപ്പിൽ കഴിഞ്ഞിരുന്ന സ്ത്രീയോട് മകളെ തന്റെ ലൈഗികാവശ്യത്തിന് അയക്കണെമന്ന് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. അക്കോള ജില്ലയിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ രാജേഷ് ജാദവിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
ഏകദേശം 80 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സ്ത്രീയെ അക്കോള പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ രാജേഷ് ജാദവ് ലൈംഗിക ചുവയോടെ സംസാരിച്ചത്. 'നീ കാണാന്‍ വളരെ സുന്ദരിയാണ്, നിന്റെ മകളും സുന്ദരി ആയിരിക്കും. അവളെ എന്റെ അടുത്തേക്ക് അയക്കൂ പതിനായിരം രൂപ തരാം'. എന്നായിരുന്നു ഇയാള്‍ സ്ത്രീയോട് പറഞ്ഞത്.
പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് കസ്റ്റഡിയിലായിരുന്ന സ്ത്രീ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വിവരം അറിയിക്കുകയും ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഉടനടി നടപടിയെടുത്തത്. എന്നാല്‍ നിലവില്‍ ഇയാള്‍ ഒളിവിലാണ്. രാജേഷ് ജാദവിനെ കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതിയായ ജാദവിനെതിരെ മുൻപും പരാതികൾ ഉയർന്നിരുന്നു. കൂടാതെ വനിതാഉദ്യോഗസ്ഥയോടും ഇയാള്‍ അനാദരവോടെ പെരുമാറിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.