Image Credit : Twitter/ X
വന്ദേഭാരത് എക്സ്പ്രസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തി. പട്ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിലാണ് സംഭവം. റിതേഷ് കുമാര്‍ സിങ് എന്ന യാത്രക്കാരനാണ് ഭക്ഷണത്തിനൊപ്പം ലഭിച്ച തൈരില്‍ പുഴുക്കളെ കണ്ടെത്തിയത്. റിതേഷ് ഉടന്‍ തന്നെ സംഭവം മൊബൈലില്‍ പകര്‍ത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ റെയില്‍വേ മന്ത്രാലയം ഐ.ആര്‍.ടി.സിക്കും ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്കും എതിരെ നടപടിയെടുത്തു.
മാര്‍ച്ച് 15നാണ് സംഭവം. തനിക്ക് ലഭിച്ച തൈരില്‍ നിറയെ പുഴുക്കളാണെന്ന് അധികൃതരെ വിളിച്ചറിയിക്കുന്ന വിഡിയോ റിതേഷ് തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. മൊബൈല്‍ ടോര്‍ച്ച് ഉപയോഗിച്ച് ട്രെയിന്‍ മാനേജര്‍ അടക്കമുളളവര്‍ തൈര് പരിശോധിക്കുന്നതടക്കം വിഡിയോയില്‍ വ്യക്തമാണ്. വന്ദേഭാരതിലെ മോശം ഭക്ഷണവിതരണത്തെ കുറിച്ച് അപ്പോള്‍ തന്നെ റിതേഷ് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് റെയില്‍വേ മന്ത്രാലയം തന്നെ നടപടിയുമായി രംഗത്തെത്തിയത്.
സംഭവത്തില്‍ ഐ.ആർ.സി.ടി.സി.ക്ക് 10 ലക്ഷം രൂപ പിഴയും ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴയും ചുമത്തി. കൂടാകെ കരാർ റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. യാത്രക്കാരന് നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചും സംഭവത്തില്‍ സ്വീകരിച്ച നടപടിയെക്കുറിച്ചും റെയില്‍വേ മന്ത്രാലയം എക്സില്‍ കുറിപ്പ് പങ്കുവച്ചു. യാത്രക്കാരുടെ സുരക്ഷയും അവര്‍ക്ക് നല്‍കുന്ന ഉന്നതനിലവാരമുളള സേവനവുമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.