പാചകവാതക ക്ഷാമം മിക്ക ഹോട്ടലുകളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലതും അടച്ചു. മറ്റുചിലര്‍ അല്‍പം വിലയൊക്കെ കൂട്ടി പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്. ഉപഭോക്താക്കളെ പിണക്കാതെ വില വർധന ന്യായീകരിക്കാന്‍ പുണെയിലെ ഒരു ഹോട്ടലുടമ കണ്ടെത്തിയ വഴിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. സായാലി മഹാഷൂർ എന്ന യുവതി എക്സിൽ പങ്കുവെച്ച ഈ നോട്ടിസിലെ വരികളാണ് ഇപ്പോൾ ചർച്ചാവിഷയം. വിലക്കയറ്റത്തിന് ഹോട്ടലുടമ കുറ്റം ചാരുന്നത് ലോകത്തെ ഏറ്റവും ശക്തനായ ഒരാൾക്ക് നേരെയാണ്.
'ഓറഞ്ച് നിറത്തില്‍ മുടിയുള്ള ഒരു മണ്ടൻ തുടങ്ങിയ യുദ്ധം കാരണം ക്രൂഡ് ഓയിൽ വില വർദ്ധിച്ചിരിക്കുന്നു. ഇതിന്‍റെ ഫലമായി എൽപിജി, പ്ലാസ്റ്റിക് എന്നിവയ്ക്കും വില കൂടി. അതിനാൽ മാർച്ച് 21 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. ദയവായി സഹകരിക്കുക, അല്ലെങ്കിൽ ആ യുദ്ധം നിർത്താൻ സഹായിക്കുക' എന്നായിരുന്നു നോട്ടിസില്‍ എഴുതി ഒട്ടിച്ചിരുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റഎ പേര് നോട്ടിസിൽ എവിടെയും പരാമർശിക്കുന്നില്ലെങ്കിലും 'ഓറഞ്ച് മുടിക്കാരൻ' എന്ന വിശേഷണം ആരെ ഉദ്ദേശിച്ചാണെന്ന് തിരിച്ചറിയാൻ സോഷ്യൽ മീഡിയയ്ക്ക് അധികനേരം വേണ്ടിവന്നില്ല. ആഗോളതലത്തിൽ നടക്കുന്ന യുദ്ധങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും സാധാരണക്കാരന്‍റെ കീശയെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് ലളിതമായി അവതരിപ്പിച്ച ഹോട്ടലുടമയുടെ ധൈര്യത്തെയും സർഗ്ഗാത്മകതയെയും പലരും പ്രശംസിച്ചു. കാര്യങ്ങൾ ഇത്ര സത്യസന്ധമായും രസകരമായും അവതരിപ്പിച്ച ഹോട്ടലുടമയ്ക്ക് അഭിനന്ദങ്ങള്‍ എന്നാണ് ഒരാൾ കുറിച്ചത്. ഇന്ത്യയിൽ മാത്രമേ രാഷ്ട്രീയവും തമാശയും ഇത്ര കൃത്യമായി കലർത്തി നോട്ടിസ് അടിക്കാൻ കഴിയൂ എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.