പ്രതീകാത്മക എഐ ചിത്രം
13 വര്‍ഷമായി കോമയിലായ ന്യൂഡല്‍ഹിയിലെ ഹരീഷ് റാണ എന്ന യുവാവിന് ദയാവധത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി റാണയെപ്പോലെ ജീവിതത്തിനും മരണത്തിനുമിടയില്‍ കുടുങ്ങിക്കിടക്കുന്നവരിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ തിരിച്ചുവിട്ടു. സമാനമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് മുംബൈയിലെ ആനന്ദ് ദീക്ഷിതിന്‍റെ അവസ്ഥ. എന്നാല്‍ മകനെ ദയാവധത്തിനുപോലും വിട്ടുകൊടുക്കാനാകാത്ത പ്രതീക്ഷയിലും ആ ജീവന്‍ നിലനിര്‍ത്താനായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ് ആനന്ദിന്‍റെ മാതാപിതാക്കള്‍.
2013-ൽ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായ മസ്തിഷ്കാതം സംഭവിച്ച ശേഷം ഇതുവരെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയും ശ്വസനത്തിനായി ട്രക്കിയോസ്റ്റമി ട്യൂബും ഭക്ഷണത്തിനായി ഗ്യാസ്ട്രോജെജുനോസ്റ്റമി ട്യൂബും ഉപയോഗിച്ച് മുന്നോട്ടുപോവുകയായിരുന്ന ഹരീഷ് റാണയ്ക്ക് മെഡിക്കൽ ലോകത്തെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചതോടെയാണ് മാതാപിതാക്കൾ ദയാവധത്തിനായി കോടതിയെ സമീപിച്ചത്. ഒടുവില്‍ സുപ്രീംകോടതി റാണയുടെ ദുര്‍വിധി ബോധ്യപ്പെട്ട് അനുമതി നല്‍കുകയായിരുന്നു. അതിനായുള്ള നടപടിക്രമങ്ങള്‍ എയിംസിൽ ആരംഭിക്കുകയും ചെയ്തു.
ഇതേ അവസ്ഥയില്‍ മുംബൈയുടെ ഒരു കോണില്‍ ജീവച്ഛവമായി തുടരുകയാണ് ആനന്ദ് ദീക്ഷിത് എന്ന യുവാവ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആനന്ദ് അബോധാവസ്ഥയിലാണ്. 2023 ഡിംസംബറിലെ മൂടല്‍മഞ്ഞുള്ള ഒരു രാത്രിയില്‍ താന്‍ അന്ന് തന്നെ വാങ്ങിയ പുതിയ സ്കൂട്ടറില്‍ ഗോരഖ്പൂരിലൂടെ യാത്ര ചെയ്യുമ്പോഴാണ് ദുര്‍വിധി ആനന്ദിനെ തേടിയെത്തിയത്. ആ സ്കൂട്ടര്‍ അപകടം ട്യൂബുകളിലൂടെ ഭക്ഷണം നൽകുകയും മെഷീനുകളുടെ സഹായത്തോടെ ശ്വസിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് ആനന്ദിനെ എത്തിച്ചത്. ഒരു ിമയനക്കത്തിനോ ചലനത്തിനോ വേണ്ടി 18 മാസമായി 24 മണിക്കൂറും മകന് കാവലിരിക്കുകയാണ് ആനന്ദിന്‍റെ കുടുംബം. കോടി രൂപയിലധികം വന്ന ചികില്‍സാ ചെലവുകള്‍ക്കായി ഭൂമിയും ആകെയുള്ള സമ്പാദ്യവുമൊക്കെ കുടുംബത്തിന് വില്‍ക്കേണ്ടി വന്നു.
കോകിലാബെൻ, ലോട്ടസ് തുടങ്ങിയ ആശുപത്രികളിൽ ആനന്ദിനായി മാതാപിതാക്കള്‍ പോരാടുമ്പോൾ, ഒട്ടും ദയവില്ലാതെ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) മുംബൈയിലെ അവരുടെ ഏക വീട് പൊളിച്ചുനീക്കി. ബിൽഡറും ബിഎംസിയും തമ്മിലുള്ള വർഷങ്ങളായുള്ള നിയമതർക്കങ്ങളെത്തുടർന്നുണ്ടായ നടപടി മൂലം വീട് പൂർണ്ണമായും തകർക്കപ്പെട്ടതോടെ മകന്റെ സുരക്ഷയ്ക്കും ചികിത്സയ്ക്കും വേണ്ടി വാടക വീട്ടിലേക്ക് മാറാൻ കുടുംബം നിർബന്ധിതരായി. ഈ കുടിയൊഴിപ്പിക്കലിന് ശേഷം, മകന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള കഠിനമായ പോരാട്ടത്തിലാണ് കുടുംബം ഇപ്പോൾ.ഒരിക്കല്‍ക്കൂടി അവന്‍ ‘പാപ്പ’ എന്ന് വിളിക്കുന്നത് കേള്‍ക്കാനാണ് കയ്യിലുള്ളതെല്ലാം താന്‍ വിറ്റതെന്ന് ആനന്ദിന്‍റെ പിതാവ് എന്‍ഡിടിവിയോട് പറഞ്ഞു.
ഇതിനൊപ്പം ഹെൽത്ത് ഇൻഷുറൻസ്' കമ്പനിയുമായുള്ള തർക്കവും കുടുംബത്തിന്‍റെ ദുരിതം ഇരട്ടിപ്പിച്ചു. തങ്ങളുടെ ന്യായമായ ചികിത്സാ ക്ലെയിം അവർ നിരസിച്ചുവെന്നും, ഇത് 50 ലക്ഷം രൂപയുടെ അധിക കടബാധ്യതയിലേക്ക് തങ്ങളെ തള്ളിയിട്ടുവെന്നും കുടുംബം ആരോപിക്കുന്നു. ഓരോ ദിവസവും ഒരു ‘മിറാക്കിളി’നായി കാത്തിരിക്കുന്ന ആനന്ദിന്‍റെ അമ്മ ആ ദിവസത്തിനായി അവന്‍റെ വാച്ചും ഫോണും തയ്യാറാക്കി വച്ചിട്ടുണ്ട്. ഇൻഷുറൻസ്, മെഡിക്കൽ നിയമങ്ങൾ മാറുന്നതുവരെ പ്രിയപ്പെട്ടവരുടെ ഓരോ അബോധാവസ്ഥയും ആ കുടുംബത്തിന് മുഴുവൻ ലഭിക്കുന്ന മരണശിക്ഷ തന്നെയാണ്.