ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ദുബായിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിയതിന് പിന്നാലെ കുടുങ്ങിയരില്‍ പി.വി.സിന്ധുവും ഗായകന്‍ ബിജു നാരായണനും. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിലേക്കുള്ള യാത്രാമധ്യേയാണ് സിന്ധുവും ടീമും ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
ആകാശത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കാമെന്നും അവസ്ഥ അതിവേഗം രൂക്ഷമാകുന്നതും ഭീതിജനകമാണെന്നും സിന്ധു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സോഷ്യൽ മീഡിയയിൽ നിരവധി ദാരുണമായ ദൃശ്യങ്ങൾ പുറത്തുവരുന്നു, നിര്‍ഭാഗ്യവശാല്‍ ഇത് ഇപ്പോൾ നിലനിൽക്കുന്ന യാഥാർഥ്യത്തിന്റെ പ്രതിഫലനമാണ്. ദുബായ് ഞാനെന്നും സ്നേഹിച്ച നഗരമായിരുന്നു, എപ്പോഴും സുരക്ഷിതമായി തോന്നിയ നഗരം, ദുബായിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടാണെന്നും സിന്ധു പറഞ്ഞു.
വിവരങ്ങള്‍ അന്വേഷിച്ച എല്ലാവർക്കും നന്ദി. ഞാൻ ഇപ്പോൾ സുരക്ഷിതയാണ്, എന്റെ സംഘത്തോടൊപ്പം ദുബായിൽ തന്നെയാണ്, ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യം പുരോഗമിക്കുമ്പോൾ എല്ലാവരും സുരക്ഷിതരായി തുടരുന്നു. വിമാനത്താവളത്തിൽ കനത്ത തിരക്കാണ്, പല കുടുംബങ്ങളും അവിടെ കുടുങ്ങിക്കിടക്കുന്നു, സാഹചര്യം ഉടൻ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഇത്തരം സംഭവങ്ങൾ സാധാരണക്കാരുടെ ജീവിതം എത്ര ദുര്‍ബലമാണെന്ന് ഓർമ്മിപ്പിക്കുന്നു. ബാധിക്കപ്പെട്ട എല്ലാവരുടേയും സുരക്ഷയ്ക്കും സമാധാനത്തിനായും പ്രാര്‍ഥിക്കുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ സിന്ധു പറഞ്ഞു.
ഒരു ഷോയിൽ പങ്കെടുക്കാനാണ് കൊച്ചിയിലേക്ക് പുറപ്പെടാനായി എയർപ്പോർട്ടിൽ എത്തിയപ്പോഴായിരുന്നു ബിജു നാരയണന്‍ വിമാനങ്ങള്‍ റദ്ദാക്കിയ വിവരം അറിഞ്ഞത്. ഏകദേശം ഒന്നര മണിക്കൂറിലധികം ബിജു നാരായണന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പിന്നീട് വിമാനങ്ങൾ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇനി എപ്പോൾ യാത്ര തുടരാനാകുമെന്നത്തിൽ വ്യക്തതയില്ല. വിവിധ വിമാനങ്ങളിൽ നിന്ന് യാത്രക്കാർ എത്തിച്ചേരുന്നതിനാൽ വിമാനത്താവളത്തിൽ തിരക്ക് തുടരുകയാണ്.