Image: PTI
പാര്‍ലമെന്റ് പരിസരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് അടുത്തേക്ക് ഓടിയെത്തിയ രാഹുല്‍ഗാന്ധിയെ കണ്ട് സ്ഥലംവിട്ട് മന്ത്രിമാര്‍. ‘നമുക്ക് ഒരുമിച്ച് സംസാരിക്കാം’എന്നു പറഞ്ഞായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് ഓടിയെത്തിയത്. എന്നാല്‍ രാഹുലിനെ കണ്ടയുടന്‍ രണ്ടു മന്ത്രിമാരും പ്രസ് ബ്രീഫിങ് നിര്‍ത്തിപ്പോവുകയായിരുന്നു. സംഭവം കണ്ടുനിന്നവരിലെല്ലാം ചിരി പടര്‍ത്തി. വാര്‍ത്താ ഏജന്‍സികളിലൂടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
പുനരുപയോഗ ഊര്‍ജകാര്യമന്ത്രി പ്രഹ്ലാദ് ജോഷിയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ വരവ്. രാഹുല്‍ ആരോപണങ്ങള്‍ ഉന്നയിക്കും മുന്‍പ് ആധികാരികമായ തെളിവുകള്‍ കൂടി നിരത്തണമെന്നും അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും പറഞ്ഞ് ഇരുവരും നാക്ക് വായിലിട്ടില്ലെന്നു പറയാം, പെട്ടെന്നായിരുന്നു, എങ്കില്‍ നമുക്കൊന്നിച്ചു പറയാമെന്ന് പറഞ്ഞ് രാഹുല്‍ പാഞ്ഞെത്തിയത്.
‘വരൂ, നമുക്കൊന്നിച്ച് നിന്ന്, ഒന്നിച്ചു സംസാരിക്കാം’എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. പ്ലഹ്ലാദ് ജോഷിയുടെ കൈ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും മന്ത്രിമാര്‍ ഓടിപ്പോവുകയായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയും ആന്റോ ആന്റണി എംപിയും രാഹുലിന് പിന്നാലെയുണ്ടായിരുന്നു. ജോഷിയും അശ്വിനി വൈഷ്ണവും അതിവേഗത്തില്‍ മുങ്ങിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ രാഹുലിനോട് ചോദ്യം തുടര്‍ന്നു.
അടിസ്ഥാനരഹിതമായ ആരോപമാണ് താങ്കള്‍ ഉന്നയിക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍, തന്റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. ഹര്‍ദീപ് പുരിയുടേയും അനില്‍ അംബാനിയുടേയും പേരുകള്‍ എപ്സ്റ്റീന്‍ രേഖകളിലുണ്ടെന്നും പ്രധാനമന്ത്രിക്ക് കടുത്ത സമ്മര്‍ദമുണ്ടെന്നും അതുകൊണ്ടു മാത്രമാണ് യുഎസുമായി വ്യാപാരക്കരാര്‍ ഒപ്പിട്ടതെന്നും രാഹുല്‍ സൂചിപ്പിക്കുന്നു.
എപ്സ്റ്റീന്‍ രേഖകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാറിനെതിരെ ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ കര്‍ഷകരെ വഞ്ചിച്ച ഇന്ത്യ–യുഎസ് വ്യാപാരക്കരാര്‍ പോലും എപ്സ്റ്റീന്‍ രേഖകള്‍ പുറത്തുവന്ന സമ്മര്‍ദത്താലായിരുന്നുവെന്നാണ് രാഹുല്‍ ഉന്നയിച്ച ആരോപണം.