sonu-sai

വന്‍ ജനക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടുപോയ കുട്ടിയെ കണ്ടെത്തി കുടുംബത്തെ ഏല്‍പ്പിച്ച ഗായകന്‍ സോനു നിഗത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് 30,000ത്തോളം പേര്‍ പങ്കെടുത്ത സംഗീതപരിപാടി നടന്നത്. സോനു നിഗം തന്നെയാണ് പരിപാടിയുടെ വിഡിയോ സൈബറിടത്ത് പങ്കുവച്ചത്.


കുട്ടിയുടെ കൈ പിടിച്ച് വേദിക്കുമുന്നിലേക്ക് വരുന്ന സോനു നിഗത്തെയാണ് വിഡിയോയില്‍ കാണാനാവുക. പാട്ടിലൂടെ തന്നെ സായി എന്ന കുട്ടിയുടെ പപ്പാ,മമ്മി എവിടെയെന്ന് ചോദിച്ച് കാണികളേയും സോനു രസിപ്പിച്ചു. കുട്ടിക്ക് ടെന്‍ഷന്‍ ആവാതിരിക്കാനായി പാട്ടുപാടി,കൈ പിടിച്ച്,ഒപ്പം നടന്നും,ചിരിച്ചും,തമാശ പറഞ്ഞും സോനു രംഗം ശാന്തമാക്കി. സായിയുടെ പപ്പാ മമ്മി എവിടെയെന്ന് പാട്ടിലൂടെ ചോദിച്ചപ്പോള്‍ പപ്പയും മമ്മിയും കൂടെ വന്നില്ലായെന്നായിരുന്നു സായിയുടെ മറുപടി.

ഇതു കേട്ടതോടെ ഒന്ന് അമ്പരന്ന സോനു പിന്നെയാരാണ് ഒപ്പമുള്ളതെന്ന് ചോദിച്ചു. ചാച്ചു(അങ്കിള്‍) ആണെന്ന് കുട്ടി മറുപടി നല്‍കി, പിന്നാലെ ചാച്ചുവിനെ തേടിയായിരുന്നു ഗായകന്‍റെ വരികള്‍. സായിയെ കൂടെക്കൂട്ടാതെ അങ്കിള്‍ ആന്റിക്കൊപ്പം പോയോ എന്ന ചോദ്യം കാണികളേയും ചിരിപ്പിച്ചു. ഇതിനിടെ പ്രൊഡക്ഷന്‍ സംഘം കുട്ടിയുടെ അങ്കിളിനെ തേടിപ്പിടിച്ചതോടെ സായിക്കും ആശ്വാസം, സോനുവിനും ആശ്വാസം, കാണികള്‍ക്കും സമാധാനം. പിന്നാലെ പരിപാടി തുടര്‍ന്നു.

സോനു നിഗം ഇന്ത്യയിലുടനീളം നടത്തുന്ന ‘ദിവാന തേര കണ്‍സേര്‍ട്ട്’ സീരീസുമായുള്ള യാത്രയിലാണിപ്പോള്‍. ഗുവാഹത്തി, ജയ്പൂർ, ഇൻഡോർ എന്നിവിടങ്ങളിലെ പ്രകടനങ്ങൾക്ക് ശേഷം അടുത്ത ഷോ ഫെബ്രുവരി 14-ന് ലഖ്നൗവിലാണ് നടക്കുക.

ENGLISH SUMMARY:

Singer Sonu Nigam recently stopped his concert in Hubballi, which had an audience of about 30,000, to reunite a lost child with his family. The heartwarming incident, captured on video and shared by Nigam himself, has gone viral on social media.