TOPICS COVERED

സിഖ് തീര്‍ത്ഥാടകര്‍ക്കൊപ്പം പാക്കിസ്ഥാനിലെത്തിയതിനു പിന്നാലെ മതംമാറി ഇസ്ലാം മതസ്ഥനായ വ്യക്തിയെ വിവാഹം ചെയ്ത ഇന്ത്യന്‍ പൗരയ്ക്ക് മനംമാറ്റം. കഴിഞ്ഞ നവംബറില്‍ സോഷ്യല്‍ലോകത്തും വാര്‍ത്താലോകത്തും നിറഞ്ഞുനിന്ന പേരായിരുന്നു സരബ്ജീത് കൗറിന്റേത്. ഇപ്പോഴിതാ തനിക്ക് തെറ്റുപറ്റിയെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കുന്നൊരു ശബ്ദസന്ദേശം പുറത്തുവരികയാണ്. ഇത് സരബ്ജീത് കൗറിന്റെ നിലനില്‍പ്പും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തുകയാണ്. അന്ന് ദേശീയമാധ്യമങ്ങള്‍ അടക്കം ചര്‍ച്ച ചെയ്ത വിഷയം കൂടിയായിരുന്നു ഇത്.  

പാക്കിസ്ഥാനിലെ തന്റെ അവസ്ഥ പരിതാപകരമാണെന്നും അതിനാലാണ് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതെന്നും സരബ്ജീത് പറയുന്നു. ഇന്ത്യയിലെ ഭര്‍ത്താവിനയച്ച സന്ദേശമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംസാരത്തിനിടെ പലതവണ ഇവര്‍ കരയുന്നതും കേള്‍ക്കാം. അതേസമയം ശബ്ദസന്ദേശത്തിന്റെ ആധികാരികത സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. 

‘ഞാനിവിടെ അങ്ങേയറ്റം വേദനയിലാണ്, എനിക്ക് എന്റെ മക്കളുടെ അടുത്തേക്ക് തിരിച്ചുവരണം, അവരെ കുഞ്ഞുനാള്‍ മുതല്‍ വളര്‍ത്തിയതല്ലേ ഞാന്‍,  ആവശ്യത്തിനു വസ്ത്രങ്ങള്‍ പോലുമില്ലാതെ, നയാപൈസ കയ്യിലില്ലാതെ വിഷമിക്കുകയാണെന്നും സരബ്ജീത് സിങ് ഓഡിയോയില്‍ പറയുന്നു. 

താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് പറയുന്നുണ്ടെങ്കിലും ആരുടേയും പേര് പറയാതെയാണ് സംസാരം. തന്നെ ഉപദ്രവിക്കുകയോ ദ്രോഹിക്കുകയോ ചെയ്യരുതെന്നും അവർ ഇന്ത്യയിലെ ഭർത്താവിനോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം തന്നെ ഭര്‍ത്താവ് സരബ്ജീതിനെ ആശ്വസിപ്പിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതും ഓഡിയോയില്‍ വ്യക്തമാണ്. സഹായത്തിനായി നങ്കാന സാഹിബ് ഗുരുദ്വാരയിലെ അധികാരികളെ സമീപിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.

ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് ഗുരുപർവ് ആഘോഷത്തിന്റെ ഭാഗമായാണ് 2025 നവംബർ 4ന് സരബ്ജീത് കൗർ പാക്കിസ്ഥാനിലെത്തിയത്. നവംബർ 13-ന് മറ്റ് തീർത്ഥാടകർക്കൊപ്പം ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന അവര്‍ പെട്ടെന്ന് അപ്രത്യക്ഷയാവുകയായിരുന്നു. നവംബർ 5-ന് ഇസ്ലാം മതം സ്വീകരിച്ച് നൂർ ഹുസൈൻ എന്ന പേര് സ്വീകരിച്ചതായും ലാഹോറിനടുത്തുള്ള ഷെയ്ഖ്പുര ജില്ലയിലെ താമസക്കാരനായ നാസിർ ഹുസൈൻ എന്ന പാക്ക് പൗരനെ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട വിഡിയോകളും പുറത്തുവന്നിരുന്നു. 

പാക്കിസ്ഥാനിലും വലിയ ചര്‍ച്ചയായി മാറിയ വിഷയത്തില്‍ ജനുവരി 6-ന് വാഗാ അതിർത്തി വഴി സരബ്ജീത് കൗറിനെ ഇന്ത്യയിലേക്ക് നാടുകടത്താൻ പാക് അധികൃതർ തീരുമാനിച്ചെങ്കിലും അവസാന നിമിഷം ഈ നടപടി നിർത്തിവച്ചു. രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നടപടി നിര്‍ത്താന്‍ കാരണമായതെന്ന സൂചനകള്‍ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  പിന്നീട് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോ വിവരങ്ങളോ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് പ്രിതികരിക്കാന്‍ പാക് അധികൃതര്‍ തയ്യാറായിട്ടില്ല. 

ENGLISH SUMMARY:

Sarabjit Kaur expresses her desire to return to India in a distressed audio message. The Indian woman who converted to Islam and married in Pakistan now claims she is in distress and wants to be reunited with her children.