മധ്യപ്രദേശ് സ്പോർട്സ് മത്സരത്തില്‍ മെഡല്‍ വിതരണം നടത്തിയ നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം. മെഡല്‍ വിതരണം നടത്തുന്ന നടിയുടെ മുഖഭാവവും ശരീരഭാഷയുമാണ് വിമര്‍ശനത്തിനു കാരണം. 

ഏറെ സന്തോഷത്തോടെ മെഡല്‍ സ്വീകരിക്കാനായി സ്റ്റേജിലെത്തിയ കുട്ടികളുടെ മുഖത്തു നോക്കാനോ ഒന്നു ചിരിക്കാനോ ഹസ്തദാനം നല്‍കി അഭിനന്ദിക്കാനോ പോലും തയ്യാറാകാത്ത നടി എന്തിനാണ്  ഈ ചടങ്ങിനെത്തിയതെന്നാണ് ഉയരുന്ന ചോദ്യം. താല്‍പര്യമില്ലാത്ത ഭാവവും ദേഷ്യവും പുച്ഛവുമാണ് മുഖത്ത് കാണാനാവുന്നതെന്നും വിമര്‍ശനം ഉയരുന്നു. വിഡിയോ നിമിഷനേരം കൊണ്ടുതന്നെ സൈബറിടങ്ങളില്‍ വൈറലായി.

മോശം പെരുമാറ്റംകൊണ്ട് എന്നും എയറിലാകുന്ന നടി ജയ ബച്ചനുമായാണ് ഹേമ മാലിനിയെ ആളുകള്‍ ഉപമിക്കുന്നത്. ‘ജയ ബച്ചന്റെ ഇളയ സഹോദരി’ എന്നുള്‍പ്പെടെ കമന്റുകളുണ്ട്. ഏറെ കഠിനാധ്വാനം ചെയ്ത് നേടിയ മെഡല്‍ നേടുമ്പോള്‍ ആ കുട്ടികളെ നിരാശപ്പെടുത്തുന്ന ഇത്തരം താരങ്ങളെ വിളിക്കുന്നതിലും നല്ലത് പുരസ്കാര വിതരണം അവരുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുന്നതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. 

ENGLISH SUMMARY:

Hema Malini is facing criticism for her demeanor during a medal distribution ceremony at a sports event in Madhya Pradesh. The actress and BJP MP's apparent disinterest and lack of interaction with the young athletes have sparked outrage on social media.