പൊങ്കൽ ആഘോഷത്തിനൊരുങ്ങുകയാണ് തമിഴ്നാട്. ഇതിനിടെ മധുര മുല്ലപ്പൂവിന്‍റെ വില കിലോയ്ക്ക് 12,000 രൂപ ആയി. തമിഴ്നാട്ടിൽ മുല്ലപ്പൂവിന്‍റെ വരവു കുറഞ്ഞതും ആവശ്യം വർധിച്ചതുമാണു വില സർവകാല റെക്കോർഡിലെത്തിച്ചത്. മധുരിയിലെ പ്രധാന പുഷ്പ മാർക്കറ്റുകളായ ഉസിലംപട്ടി, തിരുമംഗലം എന്നിവിടങ്ങളിൽ വന്‍ വിലയ്ക്കാണ് വില്‍പന. ഉസിലംപട്ടിയില്‍ 12000 രൂപയ്ക്കും മധുരയിലെ മറ്റ് മാര്‍ക്കറ്റുകളില്‍ 8000 രൂപയ്ക്കുമാണ് വില്‍പന നടന്നത്.
മുല്ലപ്പൂക്കളിൽ 70 ശതമാനവും ഉസിലംപട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തണുപ്പു വർധിച്ചതോടെ ഉൽപാദനം കുറഞ്ഞതും മാർഗഴി മാസത്തിൽ ആവശ്യം വർധിച്ചതുമാണു കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 2,000 രൂപയായിരുന്ന മുല്ലപ്പൂവിന്‍റെ വില കൂടാൻ കാരണമായി വ്യാപാരികൾ പറയുന്നത്. കനകാബരം, പിച്ചി തുടങ്ങിയ മറ്റു പൂവുകളുടെ വിലയിലും വർധനയുണ്ട്.
മറ്റു മുല്ലപ്പൂവുകളെ അപേക്ഷിച്ച് ശക്തവും ഏറെ നേരം നിലനിൽക്കുന്നതുമായ സുഗന്ധവും ഇതിനൊപ്പം നക്ഷത്ര ആകൃതിയുമാണു മധുരയിലെ മുല്ലപ്പൂവിനെ വേറിട്ടതാക്കുന്നത്. മുല്ലപ്പൂവിന്റെ തലസ്ഥാനം എന്നറിയിപ്പെടുന്ന മധുരയിൽ ജാസ്മിനം സാംബാക്ക് ഇനമാണു വ്യാപകമായി കൃഷി ചെയ്യപ്പെടുന്നത്. ഏകദേശം 1,735 ഹെക്ടറിൽ നിന്ന് 16,077 ടണ്ണാണ് ഉൽപാദനം. സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനും കയറ്റുമതിക്കും മധുര മുല്ല വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഭൗമസൂചികാ പദവിയുള്ളതാണ് മധുര മുല്ലപ്പൂവിന്.