മുത്തശ്ശിയെ സ്കൂട്ടറിന്റെ മുന്നിലിരുത്തി കുഞ്ഞിനെപോലെ ചേർത്ത് പിടിച്ച് സഞ്ചരിക്കുന്ന കൊച്ചുമകന്റെ ചിത്രം കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മന്ത്രി കെ ശിവൻകുട്ടിയടക്കം പങ്കുവെച്ച ആ ചിത്രത്തിന് പിന്നിൽ ഇടുക്കി ആൽപ്പാറ സ്വദേശി അഭിജിത്തിന്റെ ജീവിതമുണ്ട്. ആ ജീവിതമൊന്ന് കണ്ട് വരാം.
ഈ യാത്ര വെറുമൊരു കൗതുകമല്ല. മറിച്ച് ജീവിതത്തോടുള്ള മല്ലിടലാണ്. അമ്മ പുഷ്പലത. മുത്തശ്ശി ഗൗരി സഹോദരി സരോജിനി എന്നിവരുടെ തണലാണ് അഭിജിത്ത്. മൂവർക്കും അസുഖം ബാധിച്ചതോടെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് അഭിജിത്തിന് വീടിന്റെ ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങേണ്ടി വന്നു. ചെലവുകൾ താങ്ങാനാകാതെ വന്നതോടെയാണ് മുത്തശ്ശിയുമായുള്ള ആശുപത്രിയിലേക്കുള്ള യാത്ര സ്കൂട്ടറിലാക്കിയത്.
ഫോട്ടോഗ്രാഫർ അജേഷ് ഇടവെട്ടിയുടെ ക്യാമറ കണ്ണുകളിൽ പതിഞ്ഞതോടെയാണ് ദുരിതം പുറം ലോകമറിഞ്ഞത്. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന വീട്ടിലാണ് താമസം. ഇതുവരെ മുന്നോട്ട് പോകാൻ സഹായിച്ചത് സുഹൃത്തുക്കളാണ്. തീരാദുരിതത്തിനിടയിലും അമ്മമാരെ നെഞ്ചോട് ചേർത്തുള്ള അഭിജിത്തിന്റെ യാത്ര തുടരുകയാണ്.