മുഖത്തൊരു കണ്ണാടി, നെറ്റിയില്‍ വരിഞ്ഞുകെട്ടി തോര്‍ത്തുമുണ്ട്, തനി ബിഹാറി വേഷം, ഒപ്പം സമൂസ നിറച്ചൊരു ട്രേയും കയ്യില്‍. ഇന്ത്യന്‍ തെരുവുകളിലെ കാഴ്ചയല്ലിത്, ലണ്ടനിലെ തിരക്കേറിയ ട്രെയിനില്‍ സമൂസ വില്‍പന തകൃതിയായി നടക്കുന്നു.
വിശ്വസിക്കാന്‍ അല്‍പം പാടുപെടുന്ന ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിദേശികള്‍ ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്ന ക്രോയിസന്റസ് ഇനി ഇവിടെയാരും കഴിക്കില്ലെന്ന് ആത്മവിശ്വാസത്തോടെ തട്ടിവിടുകയാണ് സമൂസ മുതലാളി. ഇനി ഇവര്‍ ബിഹിറി സമൂസ കഴിക്കുമെന്നും വിളിച്ചുപറയുന്നുണ്ട്.
അടുക്കളയില്‍ നല്ല ചൂടന്‍സമൂസയുണ്ടാക്കി നേരെ ട്രെയിനില്‍ വില്‍പന നടത്തുകയാണ് ഇയാള്‍. സമൂസയ്ക്കൊപ്പം മിന്റും ചട്ട്ണിയും നല്‍കുന്നുണ്ട്. ഈ വിഡിയോ സമൂസയേക്കാള്‍ ചൂടോടെ 9.3മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. അതേസമയം ശരിയായ വില്‍പനയല്ല മറിച്ച് റെസ്റ്റോറന്റിന്റെ പ്രമോഷന്‍ ഷൂട്ട് ആണ് നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആ ട്രെയിനില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായ യാത്രക്കാരാണെന്നും കമന്റുകളുണ്ട്.
ഏതായാലും ലണ്ടനിലെ ബിഹാറിസമൂസ മുതലാളിയുടെ വിഡിയോക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ലണ്ടനിലെ സകല ഇന്ത്യക്കാരേയും നാണം കെടുത്തരുതെന്നും ഇത് എഐ വിഡിയോ ആണെന്ന സംശയമുണ്ടെന്നും ഈ വിഡിയോ കണ്ട് ലജ്ജ തോന്നിയെന്നും പറയുന്നവരുണ്ട്. ഈ ബിഹാറി സമൂസ ദുബായിലും പരീക്ഷിക്കാവുന്നതാണെന്നും ഇത് റിവേഴ്സ് കോളനൈസേഷന്‍ ആണെന്നും പറയുന്നവരുണ്ട് വിഡിയോ കണ്ടവരുടെ കൂട്ടത്തില്‍.