ഡല്‍ഹിയില്‍ പുക മഞ്ഞില്‍ തടസപ്പെട്ട് വ്യോമ – റെയില്‍ – റോഡ് ഗതാഗതം. 148 വിമാനങ്ങൾ റദ്ദാക്കി. വായു ഗുണനിലവാരം മോശം നിലയില്‍ തുടരുകയാണ്. ശൈത്യത്തില്‍ മരവിച്ചിരിക്കുകയാണ് ഡല്‍ഹി. താപനില 10 ഡിഗ്രിയില്‍ താഴെ എത്തിയതോടെ അന്തരീക്ഷ ഈര്‍പ്പം ഏറി. കാഴ്ചപരിധി പുര്‍ച്ചെയും രാത്രിയും പൂജ്യമായി.
ഓറഞ്ച് അലർട്ട് തുടരുകയാണ്. വരുന്ന ആഴ്ചയും സമാന സ്ഥിതിയായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഡല്‍ഹി വിമാനത്താവളത്തിൽ നിന്നുള്ള 148 വിമാനങ്ങൾ റദ്ദാക്കുകയും 150-ലധികം വിമാനങ്ങൾ വൈകുകയും രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. യാത്ര തിരിക്കുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് യാത്രക്കാര്‍ക്ക് വിമാന കന്പനികള്‍ നിര്‍ദേശം നല്‍കി.
രാജധാനി, വന്ദേ ഭാരത്, ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. യുപി, ഹരിയാന, പഞ്ചാബ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളില്‍ ശൈത്യതരംഗം എത്തി.