പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നുവെന്ന് ശശി തരൂര്‍. ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖനത്തിലാണ് തരൂര്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമര്‍ശിച്ചത്. ഉപദേശിക്കാന്‍ തരൂര്‍ വരേണ്ടെന്ന് സിപിഐ നേതാവ് പി.സന്തോഷ് കുമാര്‍ പറഞ്ഞു.
ഇതുപോലെ ബഹളം വയ്ക്കുകയല്ല, പ്രതിപക്ഷം ചെയ്യേണ്ടതെന്നാണ് കോൺഗ്രസ് എംപി ശശി തരൂർ പറയുന്നത്. ചോദ്യങ്ങൾ ചോദിക്കണം. ചോദ്യോത്തരവേളയും ശൂന്യവേളയും പോലെ കേന്ദ്രമന്ത്രിമാരെ പ്രതിരോധത്തിലാക്കാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ പ്രതിപക്ഷം ഉപയോഗിക്കുന്നില്ലെന്നും തരൂരിന്റെ വിമർശനം. യുപിഎ ഭരണകാലത്ത് ബിജെപി ചെയ്തതാണ് ഇപ്പോള്‍ ഇന്ത്യ സഖ്യം ബിജെപി ഭരിക്കുമ്പോള്‍ ചെയ്യുന്നതെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖനത്തിൽ തരൂർ പറഞ്ഞു.
പാർലമെന്റ് തടസ്സപ്പെടുമ്പോൾ നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിനാണ്. ചര്‍ച്ചകളില്ലാതെ ഏകപക്ഷീയമായി കേന്ദ്രം ബില്ലുകള്‍ പാസാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിലെത്തുന്നില്ലെന്നും തരൂര്‍ പറയുന്നു. തുടർച്ചയായി പ്രകോപിപ്പിക്കുന്ന തരൂരിന് മറുപടി പറയാൻ കോൺഗ്രസ് നേതാക്കൾ ആരും വന്നില്ല. എന്നാൽ രൂക്ഷവിമർശനവുമായി സിപിഐ രംഗത്തുവന്നു.