ഇന്ന് മലിനീകരണ നിയന്ത്രണ ദിനം. മധ്യപ്രദേശിലെ ഭോപ്പാല്‍ വാതക ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ഓര്‍മ്മക്കായാണ് ഇന്നേ ദിനം സമര്‍പ്പിക്കുന്നത്. വായുമലിനീകരണത്താല്‍ രാജ്യതലസ്ഥാനം തന്നെ ശ്വാസം മുട്ടുമ്പോഴാണ് ഇങ്ങനൊരുദിനം വന്നെത്തുന്നത്.
1984 ഡിസംബര്‍ 2 രാത്രി ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് പ്ലാന്റില്‍ നിന്ന് മീഥൈൽ ഐസോസയനേറ്റ് വാതകം വായുവിലേക്ക് പരന്നൊഴുകിയപ്പോള്‍ ശ്വാസം മുട്ടി തല്‍ക്ഷണവും നരകയാതന അനുഭവിച്ചും പിടഞ്ഞ് മരിച്ചത് 10,000ല്‍ അധികം പേര്‍. എന്നാല്‍ പെട്ടന്നുണ്ടായ അപകടമുയര്‍ത്തുന്ന ഭീഷണിയല്ല ഡല്‍ഹി നേരിടുന്നത്. വിഷവാതക ഫാക്ടറിയില്‍ സ്ഥിരമായി കഴിയുന്ന ഡല്‍ഹിക്കാര്‍. ഒരോ ശൈത്യത്തിലും ശുദ്ധവായുവിനായി സമരം ചെയ്യേണ്ട അവസ്ഥ. കൃത്രിമമഴ പോലും അസാധ്യമായ അന്തരീക്ഷം.
കേന്ദ്രവും ഡല്‍ഹിയും ഹരിയാനയും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും രാജ്യതലസ്ഥാനത്തിന് പുകയില്‍ നിന്നും മോചനമില്ല. കാര്‍ഷിക മാലിന്യം കത്തിക്കലിനെ സുപ്രീംകോടതി എതിര്‍ത്തിട്ടും ഒരു മാറ്റമില്ല. ശുദ്ധവായുവിനായുള്ള ആവശ്യം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിലേക്ക് എത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
വായുവിന്റെ സ്ഥിതിയേക്കാള്‍ മോശമാണ് വെള്ളവും മണ്ണും. ദുര്‍ഗന്ധം വമിപ്പിച്ച് കറുത്ത് പതഞ്ഞൊഴുകുന്നു യമുന. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ബഹുനില കെട്ടിടത്തേക്കാളും ഉയരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ് മാലിന്യ മലകള്‍. നിയന്ത്രണാതീതമായ മാലിന്യക്കൂമ്പാരം.