Image Credit : Twitter (X)
വിവാഹച്ചടങ്ങിനിടെ സ്ത്രീധനമായി ലഭിച്ച 31 ലക്ഷം രൂപ വധുവിന്‍റെ വീട്ടുകാര്‍ക്ക് തിരികെ നല്‍കി വരന്‍. വധുവിന്‍റെ പിതാവിന്‍റെ കഷ്ടപ്പാടിന്‍റെ ഫലമാണ് ഈ തുകയെന്നും അത് തനിക്ക് സ്വീകരിക്കാനാകില്ലെന്നും പറഞ്ഞാണ് വരന്‍ സ്ത്രീധനത്തുക തിരികെ നല്‍കിയത്. ഉത്തർപ്രദേശിലെ മുസഫറാബാദിലാണ് ഈ സംഭവം.
കല്യാണചടങ്ങിനെത്തിയ നൂറുകണക്കിന് ആളുകളെ സാക്ഷിനിർത്തി വരന്‍ എടുത്ത ഈ മാതൃകാപരമായ തീരുമാനം സോഷ്യല്‍ വാളുകളില്‍ ഇടംപിടിച്ചുകഴിച്ചു. ഗ്രാമവാസികളില്‍ നിന്ന് മാത്രമല്ല സംഭവം വാര്‍ത്തയായതോടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നുവരെ വരന്‍ അവധേഷ് റാണയ്ക്ക് അഭിനന്ദനപ്രവാഹമാണ്. നഗ്വ ഗ്രാമത്തിൽ സൗന്ദര്യവര്‍ധക വസ്തുക്കള്‍ കച്ചവടം നടത്തുകയാണ് 26കാരനായ വരന്‍ അവധേഷ് റാണ.
വധുവിനെ സിന്ദൂരം അണിയിക്കുന്ന 'തിലക്' ചടങ്ങിനിടെയാണ് താലത്തില്‍ ഒരുക്കിവച്ചിരുന്ന 31 ലക്ഷം രൂപ ബന്ധുക്കള്‍ വരന് കൈമാറിയത്. എന്നാല്‍ സ്നേഹപൂര്‍വം വരന്‍ അവധേഷ് അത് നിരസിച്ചു. 'ഇത് എടുക്കാൻ എനിക്ക് അവകാശമില്ല. ഇത് വധുവിന്റെ അച്ഛൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ്. എനിക്കിത് സ്വീകരിക്കാൻ കഴിയില്ലെന്ന്' പറഞ്ഞ അവധേഷ് അതില്‍ നിന്നും ഒരു രൂപ മാത്രമെടുത്ത് തനിക്ക് വിവാഹസമ്മാനമായി ഇത് മാത്രം മതിയെന്ന് പറയുകയായിരുന്നു. മംഗളകര്‍മങ്ങള്‍ക്കിടെ ലഭിക്കുന്ന ഭാഗ്യസമ്മാനമായി താന്‍ ഈ ഒരു രൂപ സ്വീകരിക്കുകയാണെന്നും അവധേഷ് പറഞ്ഞു.
വിവാഹച്ചടങ്ങിനെത്തിയവരെല്ലാം വരന്‍റെ ഈ പ്രവര്‍ത്തിയില്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും തൊട്ടുപിന്നാലെ വിവാഹവേദി കയ്യടികള്‍ കൊണ്ടുനിറഞ്ഞു. വരന്‍റെ പിതാവും മകന്‍റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. വധുവിന്‍റെ മാതാപിതാക്കളും ബന്ധുക്കളും സന്തോഷം കൊണ്ട് കരഞ്ഞാണ് നന്ദി പ്രകടിപ്പിച്ചത്. കോവിഡ് ബാധിതനായാണ് വധു അതിഥിയുടെ പിതാവ് മരിച്ചത്. പിന്നീട് അതിഥിയെയും സഹോദരങ്ങളെയും വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം അമ്മയും മുത്തച്ഛനും ചേര്‍ന്നായിരുന്നു. അവധേഷിന്‍റെ ഈ തീരുമാനം ആ കുടുംബത്തിന് നല്‍കിയ പിന്തുണ മാത്രമല്ലെന്നും സമൂഹത്തിനുളള നല്ല സന്ദേശമാണെന്നും ഗ്രാമവാസികളും പറയുന്നു. അതേസമയം അവധേഷിന്‍റെ ഈ തീരുമാനം തനിക്ക് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും തികഞ്ഞ അഭിമാനത്തോടെയാണ് താന്‍ വരന്‍റെ വീട്ടിലേക്ക് കാലെടുത്ത് വയ്ക്കുന്നതെന്നും വധു അതിഥിയും പറഞ്ഞു.