സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ ഡിസംബര്‍ ആദ്യവാരം ഡല്‍ഹി രാംലീല മൈതാനിയില്‍ മഹാറാലി നടത്താന്‍ കോണ്‍ഗ്രസ്. എസ്ഐആര്‍ നടപ്പിലാക്കുന്ന 12 സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലുണ്ടായിട്ടും യോഗത്തിനെത്താതിരുന്ന ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി വീണ്ടും സമൂഹമാധ്യമ പോസ്റ്റിട്ടു.
ബിഹാറിലെ വന്‍ തോല്‍വിക്ക് പിന്നാലെയാണ് എസ്ഐആര്‍ നടപ്പാക്കുന്ന 12 സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഡല്‍ഹി ഇന്ദിരാ ഭവനില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ശക്തമായ പ്രതിഷേധത്തിന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആഹ്വാനം ചെയ്തു. വോട്ടുകൊള്ളയും എസ്ഐആറും ഉന്നയിച്ച് ഡിസംബര്‍ ആദ്യവാരം രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് മഹാറാലി നടത്തും.
എസ്ഐആറിന് എതിരായ കോണ്‍ഗ്രസിന്‍റെ നിര്‍ണായക യോഗം ചേരുന്നതിന് തൊട്ടുമുന്‍പ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്‍റെ മോദി സ്തുതി എത്തി. ഇംഗ്ലീഷ് ദിനപത്രത്തിന്‍റെ പരിപാടിയിലെ മോദിയുടെ പ്രസംഗത്തെയാണ് തരൂര്‍ വാനോളം പുകഴ്ത്തിയത്. കടുത്ത ജലദോഷവും ചുമയും ഉണ്ടായിരുന്നിട്ടും സദസ്സിന്‍റെ ഭാഗമായിരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും ശശി തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
തരൂര്‍ പുകഴ്ത്തുന്ന പ്രസംഗമാകട്ടെ കോണ്‍ഗ്രസിനെ നരേന്ദ്രമോദി കടന്നാക്രമിക്കുന്നതാണ്. ഈ പ്രസംഗം കേള്‍ക്കാനാണ് മുന്‍നിരയില്‍ തരൂര്‍ ഇരുന്നതും. എസ്ഐആറിനെതിരായ യോഗത്തിലേക്ക് പ്രവര്‍ത്തക സമിതി അംഗമായ തരൂരിനെയും ക്ഷണിച്ചിരുന്നുവെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.