ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനം രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 13 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നിരവധിപേര്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സംഭവം നടന്നയിടത്ത് മൃതദേഹങ്ങൾ ചിന്നിച്ചിതറിക്കിടക്കുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. 8 കാറുകള്‍ക്കാണ് സ്ഫോടനത്തിൽ തീപിടിച്ചത്.
ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം നടന്നത്. നിരവധി ഫയർ എൻജിനുകൾ എത്തി തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. കാറുകൾക്ക് പുറമേ, ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കത്തി. ദില്ലിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലും എൻഎസ്ജി ബോംബ് സ്ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. മെട്രോ സ്റ്റേഷന്‍ കവാടത്തിന് സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ചെങ്കോട്ടയ്ക്ക് പുറത്തെ റോഡിൽ കിടന്ന കാറിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതിനിടെ ഫരീദാബാദിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയിരുന്നു. ജമ്മു കശ്മീർ പൊലീസാണ് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയത്.
ജമ്മു കശ്മീർ സ്വദേശിയായ ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു റെയ്ഡ്. മുസമിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടിൽനിന്നാണ് ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത്. ഷക്കീൽ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം വൻ സ്ഫോടനമുണ്ടായത്.