ഹരിയാനയില്‍ നടന്ന വോട്ടര്‍പട്ടിക ക്രമേക്കേടില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയകാട്ടിയ ചിത്രമായിരുന്നു ബ്രസീലിയന്‍ മോഡല്‍ ലാരിസ ബൊനേസിയുടേത്. 22 തവണ ലാറിസയുടെ ഫോട്ടോ വോട്ടര്‍ പട്ടികയില്‍ കണ്ടു എന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചത്. 6.85 ലക്ഷത്തിലധികം പേര്‍ ഫോളോ ചെയ്യുന്ന ബ്രസീലിയന്‍ മോഡലാണ് ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ലാരിസ ബൊനേസി.
ഒരു ദിവസം മുന്‍പാണ് ലാരിസ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചുവന്ന നിറത്തിലുള്ള ക്രോപ്പ് ചെയ്ത പഫർ ജാക്കറ്റും ഇളം വെള്ള നിറത്തിലുള്ള, ഇറുകിയ ഫിറ്റുള്ള പാന്‍സുമാണ് വേഷം. ലണ്ടനില്‍ നിന്നുമാണ് ചിത്രം എടുത്തിരിക്കുന്നതെന്നാണ് ലാരിസ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഈ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്‍റുകളാണുള്ളത്.
വെല്‍ക്കം ടു ബ്രസീലി ജനതാ പാര്‍ട്ടി എന്നാണ് ലാറിസയുടെ പോസ്റ്റിന് താഴെയുള്ളൊരു കമന്‍റ്. ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെന്നും അങ്ങോട്ട് എത്തണമെന്നും മറ്റൊരു കമന്‍റുമുണ്ട്. '' അറിയാലോ? ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. ഹരിയാനയിൽ വന്ന് അനുഗ്രഹിച്ചതുപോലെ ബിഹാറിലും അനുഗ്രഹിക്കണം. '', ''ഇനി മുതൽ നിങ്ങൾ ഭാരതത്തിന്‍റെ പുത്രി ആണ്. മോദിജിക്ക് വേണ്ടി ജിയുടെ ഭാരതം വികസനം കണ്ട് ബ്രസീൽ നിന്ന് വോട്ട് ചെയ്യാൻ വന്ന നിങ്ങളുടെ മുന്നിൽ തൊഴു കൈ വണക്കം'', എന്നിങ്ങനെയാണ് മലയാളികളുടെ കമന്‍റ്.
''ഇന്നലെ മുതൽ ഒരുപാട് തിരഞ്ഞ് അവസാനം ഇവിടെ കണ്ടെത്തിയവർ ഒന്ന് ലൈക്ക് അടിച്ചേ'', മോഡലിനെ തേടിയുള്ള അലച്ചിലിനൊടുവിലെ സന്തോഷം പങ്കുവയ്ക്കുന്ന കമന്‍റും ഫോട്ടോയ്ക്ക് താഴെയുണ്ട്. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യരുത് ദുരുപയോഗം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മറ്റൊരു കമന്‍റ്.
ഇന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളെ പറ്റി ലാരിസ ബൊനേസി പ്രതികരിച്ചിട്ടുണ്ട്. ‘‘തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ്. എന്‍റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതെന്ത് ഭ്രാന്താണ്. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏറെ പേർ എന്‍റെ അഭിമുഖത്തിനായി ഇന്ത്യയിൽ നിന്നും ബന്ധപ്പെടുന്നുണ്ട്’’ – ലാരിസ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണം അടങ്ങുന്ന വിഡിയോ പുറത്തുവിട്ടത്.