ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീൻ പിടിക്കാൻ കുളത്തിൽ ചാടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബെഗുസാരായിലെ ഒരു കുളത്തിൽ നാട്ടുകാർക്കും പരമ്പരാഗത മീൻപിടിത്തക്കാർക്കും ഒപ്പമാണ് രാഹുൽ ഇറങ്ങിയത്. ഇന്ത്യാ സഖ്യത്തിൽ ഉൾപ്പെട്ട വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ നേതാവും മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയും കോൺഗ്രസ് നേതാവ് കനയ്യ കുമാറും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
പതിവ് വേഷമായ വെളുത്ത ടീ- ഷർട്ടും കാർഗോ പാന്റ്സും ധരിച്ച രാഹുൽ, മുകേഷ് സാഹ്നിക്കൊപ്പം വഞ്ചിയിൽ കയറി കുളത്തിന്റെ നടുവിലേക്ക് പോയി. സാഹ്നി കുളത്തിലേക്ക് മീൻ വലയെറിഞ്ഞു. പിന്നാലെ കുളത്തിലേക്ക് ചാടിയ സാഹ്നിക്കൊപ്പം രാഹുലും ചാടുകയായിരുന്നു. ചുറ്റുംകൂടിയവർ 'രാഹുൽ ഗാന്ധി സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചു. നിരവധി മത്സ്യത്തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നു.
സംഭവത്തിന്റെ വിഡിയോ കോൺഗ്രസ് എക്സ് ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി മല്‍സ്യത്തൊഴിലാളികളുമായി അവർ നേരിടുന്ന വെല്ലുവിളികളെയും പോരാട്ടങ്ങളെയും കുറിച്ച് ചർച്ച ചെയ്തുവെന്നും പോസ്റ്റിൽ പറയുന്നു. കൂടാതെ, മല്‍സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കുറഞ്ഞ കാലയളവിൽ (നിയന്ത്രിത കാലയളവ്, 3 മാസം) ഒരു കുടുംബത്തിന് 5,000 രൂപ സഹായം, മല്‍സ്യബന്ധന ഇൻഷുറൻസ് പദ്ധതി, വിപണി ലഭ്യത, നദികളും കുളങ്ങളും പുനരുജ്ജീവിപ്പിക്കുകയും പരമ്പരാഗത മല്‍സ്യത്തൊഴിലാളികൾക്ക് വിഹിതത്തിൽ മുൻഗണന നൽകുക തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയെന്നും പോസ്റ്റിൽ പറയുന്നു.