ഇന്ത്യയുടെ ഉരുക്കുമനുഷ്യനും ആദ്യ ഉപപ്രധാനമന്ത്രിയുമായ സർദാർ വല്ലഭായി പട്ടേലിന് ഇന്ന് 150ആം ജയന്തിയാണ്. വിപുലമായ പരിപാടികളുമായി പട്ടേലിന്റെ പാരമ്പര്യത്തില്‍ ആവര്‍ത്തിച്ച് പിടിമുറുക്കുകയാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും. പട്ടേലിന്റെ മതേതര കാഴ്ചപ്പാടും ആർ.എസ്.എസ് നിരോധന ചരിത്രവും സജീവ ചര്‍ച്ചയാക്കുകയാണ് കോൺഗ്രസ്.
ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഝാൻസി റാണിയുടെ സൈന്യത്തിനറെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്ത ഗുജറാത്തിലെ കരംസദ സ്വദേശി ജാബേർ ഭായ് പട്ടേലിനും ലാഡ്ബായിക്കും ജനിച്ച മകന് എങ്ങിനെ മാറി സഞ്ചരിക്കാനാകും. ഭാഷ, വേഷം, സംസ്കാരം അങ്ങിനെ പല തട്ടിൽനിന്ന നാട്ടുരാജ്യങ്ങളെ ഇന്ത്യയെന്ന ഒറ്റ വികാരത്തിലേക്കു നയിച്ച സർദാർ വല്ലഭായ് പട്ടേല്‍. രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ മാർഗ നിർദേശത്തിൽ നെഹ്റുവിനോപ്പം ഉരുക്കു മനുഷ്യനായ പട്ടേലും ചേർന്നപ്പോൾ പുതിയ ഇന്ത്യയുടെ പിറവിക്ക് വേഗം കൂടി.
ഗാന്ധി വധത്തെ തുടർന്ന് ആരോപണ വിധേയരായ ആര്‍എസ്എസിനെ നിരോധിക്കാന്‍ മുൻകൈയെടുത്തതും പട്ടേൽ. 1948 ഫെബ്രുവരി 4ന് ആര്‍എസ്സിനെ നിരോധിച്ച് ഉത്തരവിറക്കി. പിന്നീട് പിൻവലിക്കപ്പെട്ടെങ്കിലും ആ നിരോധനവും പട്ടേലിന്റെ പരാമർശങ്ങളും ഇന്നും ചർച്ചാ വിഷയമാണ് .വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന സംഘടന എന്നായിരുന്നു ആര്‍എസ്എസിനെതിരെ പട്ടേലിന്റെ പ്രസ്താവന
1950 ഡിസംബര്‍ 15ന് മരിച്ച ശേഷം പട്ടേലിന്റെ ഓര്‍മ്മകള്‍ക്കും ആശങ്ങള്‍ക്കും കോണ്‍ഗ്രസ് കാര്യമായ പ്രാധാന്യം നല്കിയില്ലെന്നതാണ് ചരിത്രം. കോണ്‍ഗ്രസും അതിന്റെ സർക്കാറുകളും ശ്രദ്ധ നെഹ്റു കുടുംബത്തിൽ മാത്രമാക്കി എന്നാണ് ഉയരുന്നവിമര്‍ശനം. ഗുജറാത്തില്‍ പടുകൂറ്റന്‍ പ്രതിമ നിര്‍മ്മിച്ച് നേരന്ദ്ര മോദിയും ബിജെപിയും പട്ടേലിനെ സ്വന്തമാക്കാന്‍ ആരംഭിച്ചപ്പോളാണ് കോണ്‍ഗ്രസ് കണ്ണുതുറന്നത്.
തങ്ങളുടെ പൈതൃകത്തിന്റെ ഭാഗമാണ് പട്ടേലെന്ന് ഏപ്രിലില്‍ ഗുജറാത്തില്‍ നടത്തിയ എഐസിസി സമ്മേളനത്തിലൂടെ അടക്കം കോണ്‍ഗ്രസ് ഉറക്കെ പ്രഖ്യാപിക്കാന്‍ ശ്രമിക്കുന്നുണ്ടങ്കിലും ആ ശബ്ദം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നേര്‍ത്ത് പോവുകയാണ്.