സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ നൂറ്റി അന്‍പതാം ജന്‍മവാര്‍ഷികാഘോഷ ചടങ്ങില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിനെ വിഭജിച്ചത് നെഹ്റുവാണെന്നും കോണ്‍ഗ്രസിന്‍റെ തെറ്റുകള്‍ക്ക് രാജ്യം ഇപ്പോഴും ശിക്ഷ അനുഭവിക്കുകയാണെന്നും ഗുജറാത്ത് കെവാഡിയയിലെ ചടങ്ങില്‍ മോദി പഞ്ഞു. രാഷ്ട്രപതി ഡല്‍ഹി പട്ടേല്‍ ചൗക്കില്‍ ആദരമര്‍പ്പിച്ചു.
കശ്മീരിനെ മുഴുവനായി ഇന്ത്യക്കൊപ്പം ചേര്‍ത്തുനിര്‍ത്താനായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി. നെഹ്റു അതിന് അനുവദിച്ചില്ല. ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന പാക്കിസ്ഥാന് ഇപ്പോള്‍ ഇന്ത്യയുടെ ശക്തി മനസിലായെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് മാവോയിസം വളരാന്‍ കാരണം കോണ്‍ഗ്രസാണ്. ഇന്ന് മാവോയിസം ഏറെക്കുറെ ഇല്ലാതായി. വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റം പ്രോല്‍സാഹിപ്പിച്ചു. നുഴഞ്ഞുകയറ്റക്കാരെ പൂര്‍ണമായി പുറത്താക്കുമെന്നും മോദി.
റിപ്പബ്ലിക് ദിനത്തെ അനുസ്മരിപ്പിക്കുന്ന പരേഡാണ് കെവാഡിയയിലെ ഏകതാ പ്രതിമയ്ക്കു മുന്നില്‍ അരങ്ങേറിയത്. സി.എ.പി.എഫും ബി.എസ്.എഫും വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും അണിനിരന്നു. വനിതകളാണ് പരേഡ് നയിച്ചത്. പ്രധാനമന്ത്രി സെല്യൂട് സ്വീകരിച്ചു. വര്‍ണാഭമായ കലാപ്രകടനങ്ങളും അരങ്ങേറി.
ഡല്‍ഹി പട്ടേല്‍ ചൗക്കിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുഷ്പാര്‍ച്ചന ടനത്തി. തുടര്‍ന്ന് മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു.