Image Credit:facebook/AirIndia
ഇന്ത്യയ്ക്ക് വ്യോമപാത വിലക്കിയുള്ള പാക് നടപടിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് സഹസ്രകോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. 4000 കോടി രൂപയുടെ നഷ്ടം ഇതിനകം കമ്പനിക്കുണ്ടായെന്ന് സിഇഒ കാംപ്ബെല്‍ വില്‍സന്‍ പറഞ്ഞു. അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ വ്യോമപാത വിലക്ക് കൂടിയായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം വിശദമാക്കി.
പാക്കിസ്ഥാന്‍ വ്യോമപാത വിലക്കിയതോടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള ഫ്ലൈറ്റുകള്‍ക്ക് ചെലവേറി. ഇന്ധനച്ചെലവിന് പുറമേ വന്‍ സമയനഷ്ടവും സംഭവിച്ചുവെന്നും കാംപ്ബെല്‍ വിശദീകരിച്ചു. ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് യാത്രാസമയം വര്‍ധിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും വ്യോമപാത വിലക്കി ഉത്തരവിറക്കിയത്. ഇരു രാജ്യങ്ങളിലെയും യാത്രാവിമാനങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കും വിലക്ക് ബാധകമാണ്. 800ഓളം പ്രതിവാര ഫ്ലൈറ്റുകളുടെ സുഗമമായ പ്രവര്‍ത്തനത്തെയാണ് പാക്കിസ്ഥാന്‍റെ നടപടി ബാധിച്ചത്. വടക്കേയിന്ത്യയില്‍ നിന്നും യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും പുറമെ യുകെയിലേക്കും പടിഞ്ഞാറന്‍ ഏഷ്യയിലേക്കുമുള്ള സര്‍വീസുകള്‍ക്കും ചെലവേറി. എയര്‍ ഇന്ത്യയ്ക്ക് പുറമെ ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസിനും ആകാശ എയറിനുമെല്ലാം ഗണ്യമായ നഷ്ടമുണ്ടായിട്ടുണ്ട്. പടിഞ്ഞാറന്‍ ഏഷ്യ, മധ്യേഷ്യ, തുര്‍ക്കി, എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ ആള്‍മട്ടിയിലേക്കും താഷ്കെന്‍റിലേക്കും ഡല്‍ഹിയില്‍ നിന്ന് നടത്തിയിരുന്ന സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിയിരുന്നു.