ജിപേയില്‍ മെസ്സേജ് അയച്ച് മറന്നുവെച്ച ഇയര്‍ഫോണ്‍ യുവതിക്ക് നല്‍കി ഡ്രൈവര്‍ മാതൃകയായി. ബംഗളൂരുവിലാണ് സംഭവം. താന്‍ മറന്നുവെച്ച ഇയര്‍ഫോണ്‍ തിരിച്ചുനല്‍കിയ ഡ്രൈവറുടെ നല്ല മനസിനെ കുറിച്ചാണ് സംഭവി ശ്രീവാസ്തവ എന്ന യുവതി ലിങ്ക്ഡ്ഇന്നില്‍ കുറിച്ചത്. 'ലോകം അത്ര മോശമൊന്നുമല്ല' എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ അനുഭവമെന്ന് അവര്‍ പറയുന്നു.
ഒരു വെള്ളിയാഴ്ച വൈകുന്നേരം, ജോലി കഴിഞ്ഞ് സഹോദരനെ കണ്ട് അത്താഴം കഴിക്കാനായി ശ്രീവാസ്തവ ഇന്ദിരാനഗറില്‍ നിന്ന് ഒരു ചെറിയ റാപ്പിഡോ ഓട്ടോ യാത്ര ബുക്ക് ചെയ്തിരുന്നു. യാത്ര ഏകദേശം പത്ത് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ, എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷമാണ് തന്റെ ഇയര്‍ഫോണുകള്‍ മറന്നുവെച്ച കാര്യം അവര്‍ക്ക് മനസ്സിലായത്.
ഏതാനും മിനിറ്റുകള്‍ക്ക് ശേഷം, ജഹ്‌റുല്‍ എന്ന് പേരുള്ള ഡ്രൈവറില്‍ നിന്ന് ശ്രീവാസ്തവയ്ക്ക് ഗൂഗിള്‍ പേയില്‍ ഒരു സന്ദേശം ലഭിച്ചു. ഇയര്‍ഫോണുകള്‍ കണ്ടെത്തിയെന്ന് പറയാനാണ് ഡ്രൈവര്‍ ജിപേയില്‍ മെസ്സേജ് അയച്ചത്. ഇയര്‍ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഡ്രൈവര്‍ ഉറപ്പുനല്‍കിയെന്നും എപ്പോള്‍ വന്ന് വാങ്ങുമെന്ന് ചോദിച്ചെന്നും അവര്‍ പറയുന്നു. 'ദീപാവലിയാണെന്ന കാര്യം മറന്ന് ഞാന്‍ തിങ്കളാഴ്ച എന്ന് പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ ഞാന്‍ അദ്ദേഹത്തെ വിളിച്ച്, അദ്ദേഹം അടുത്തവിടെയെങ്കിലും ഉണ്ടെങ്കില്‍ ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. അര മണിക്കൂറിനുശേഷം അദ്ദേഹം എന്നെ വിളിക്കുകയും ഞാന്‍ ഓഫീസിന് താഴെ പോയി അത് വാങ്ങുകയും ചെയ്തു.'-സംഭവി ലിങ്ക്ഡ്ഇന്നില്‍ കുറിച്ചു