രാജ്യത്തെ അഴിമതിവിരുദ്ധ സ്ഥാപനമായ ലോക്പാലിലെ അംഗങ്ങള്‍ക്ക് ആഡംബര കാറുകള്‍ വാങ്ങാനുള്ള നീക്കം വന്‍ വിവാദത്തില്‍. അഞ്ചുകോടി രൂപ ചെലവില്‍ ഏഴ് കാറുകള്‍ വാങ്ങാനാണ് ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുമ്പോള്‍, രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
രാജ്യത്തെ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാനായ ലോക്പാലിനായി വാങ്ങുന്നത് 70 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന ഏഴ് കാറുകള്‍. ജര്‍മന്‍ ആഡംബര കാറായ ബിഎംഡബ്ല്യു 3 സീരീസ് കാറുകൾക്കായാണ് പ്രമുഖ ഏജൻസികളിൽനിന്ന് ഓപ്പൺ ടെൻഡര്‍ ക്ഷണിച്ചത്. ലോക്പാൽ ചെയർമാൻ ജസ്റ്റിസ് എ.എം.ഖാൻവിൽക്കറിനും ആറ് അംഗങ്ങൾക്കുമായാണ് കാറുകൾ വാങ്ങുന്നത്.
ടെന്‍ഡറിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസി, ഡ്രൈവർമാർക്കും ജീവനക്കാർക്കും പ്രായോഗിക പരിശീലനം നൽകണമെന്നും ലോക്പാലിന്റെ ടെൻഡർ നോട്ടിസിൽ പറയുന്നു. അഴിമതി വിരുദ്ധ ഏജൻസി ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിൽ പ്രതിപക്ഷം രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. ലോക്പാല്‍ ഷോക്പാല്‍ ആയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.
ലോങ് വീല്‍ ബേസുള്ള വെള്ള നിറത്തിലുള്ള കാറുകള്‍ വേണമെന്നാണ് ടെന്‍ഡര്‍ നോട്ടിസ് പറയുന്നത്. ആഡംബര കാറുകള്‍ വാങ്ങാനുള്ള തീരുമാനം വിവാദമായതോടെ ടെന്‍ഡര്‍ റദ്ദാക്കാനുള്ള സാധ്യതയുണ്ട്. വിവാദത്തിലും ടെന്‍ഡറുമായി മുന്നോട്ട് പോകുന്നത് ലോക്പാലിന്‍റെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.