കമ്പനി ദീപാവലി ബോണസ് കുറച്ചു, എന്നാ പിന്നെ കമ്പനിക്കിട്ട് തന്നെ ഇരിക്കട്ടെ ഒരു പണിയെന്ന് ജീവനക്കാര്‍. അങ്ങനെ ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാരുടെ മധുര പ്രതികാരം. ഉത്തര്‍പ്രദേശിലെ ഫത്തേഹാബാദിലാണ് സംഭവം. ആഗ്ര-ലക്‌നൗ എക്സ്പ്രസ്സ് വേയുടെ ഭാഗമായ ഒരു ടോൾ പ്ലാസയിലെ തൊഴിലാളികൾക്ക് ദീപാവലിയോട് അനുബന്ധിച്ച് ബോണസ് നല്‍കി. എന്നാല്‍ ഇത് തൊഴിലാളികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതായിരുന്നില്ല. 1100 രൂപയാണ് ഓരോ തൊഴിലാളിക്കും ബോണസായി ലഭിച്ചത്.
ഇതിൽ പ്രതിഷേധിച്ച തൊഴിലാളികൾ ടോൾ ഗേറ്റുകൾ എല്ലാം തുറന്നിട്ട് വാഹനങ്ങളെ കടത്തിവിടുകയായിരുന്നു. ശ്രീ സൈൻ ആൻഡ് ദത്തർ കമ്പനിക്കായിരുന്നു ടോൾ പിരിവിന്റെ ചുമതല. കഴിഞ്ഞ മാർച്ചിലാണ് ടോൾ പിരിവ് ഈ കമ്പനി ഏറ്റെടുത്തത്. ഇതോടെ തങ്ങൾക്ക് ലഭിക്കേണ്ട എല്ലാ തുകകളിലും കുറവുണ്ടായതായി തൊഴിലാളികൾ പറയുന്നുണ്ട്. വാഹനങ്ങളെ ടോൾ വാങ്ങാതെ കടത്തിവിട്ട് തൊഴിലാളികൾ പ്രതിഷേധിച്ചതോടെ കമ്പനി മറ്റൊരു ടോൾ പ്ലാസയിൽ നിന്ന് തൊഴിലാളികളെ എത്തിച്ചു. എന്നാൽ പ്രതിഷേധിക്കുകയായിരുന്ന തൊഴിലാളികൾ ഇവരെ തടഞ്ഞു.