വർണവിളക്കുകളും പൂത്തിരികളും മധുരങ്ങളുമായി മുംബൈ മഹാനഗരം ദീപാവലി ആഘോഷനിറവിൽ. നന്മയുടെ പ്രഭചൊരിയുന്ന ആഘോഷത്തെ വരവേൽക്കാൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിലെ ഓഫീസുകളും അവധി മൂഡിലുമാണ്.
പൂത്തിരികളുടെ ചന്തവും പടക്കങ്ങളുടെ ശബ്ദവും മുംബൈയുടെ രാത്രികളെ ശബ്ദമുഖരിതമാക്കി. ദീപാവലി വിളക്കുകൾകൊണ്ട് തോരണം ചാർത്തിയതുപോലെയാണ് നഗരം. എങ്ങും വർണവിളക്കുകൾ. വീടുകളും പാർപ്പിടസമുച്ചയങ്ങളും വിപണിയുമെല്ലാം ദീപപ്രഭയിൽ മിന്നിത്തിളങ്ങുന്നു. ചരിത്ര സ്മാരകമായ സി എസ് ടി റെയിൽവേ സ്റ്റേഷനിലും ദീപങ്ങൾ കൊണ്ടലങ്കരിച്ചു
വർണവും മധുരവും നിറയുന്ന ആഘോഷത്തിന്‍റെ ലഹരിയിലാണ് നഗരവാസികൾ. നഗരത്തിന്‍റെ എല്ലാ കോണുകളിലും പടക്കവിൽപനയും ഉഷാറായി നടക്കുന്നു. പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്ക്. മുൻവർഷങ്ങളെക്കാൾ തിരക്കും കച്ചവടവും ഉണ്ടെന്ന് വ്യാപാരികൾ.
ആഘോഷത്തിനായി ഓഫിസുകളെല്ലാം അവധി മൂഡിലായതോടെ ലോക്കൽ ട്രെയിനുകളിലും ആളുകൾ കുറവാണ്. എന്നാൽ കേരളത്തിൽ ഉൾപ്പെടെ ദീർഘദൂര ട്രെയിനുകളില്‍ ടിക്കറ്റുകൾ കിട്ടാനില്ല. വിമാനത്തെ ആശ്രയിക്കാമെന്ന് വെച്ചാൽ കൊള്ള നിരക്കും.