Image: Social Media
രാജസ്ഥാനില്‍ വീട്ടിലെത്തിയ മുതലയെ പിടികൂടാന്‍ ഉദ്യോഗസ്ഥരെത്താത്തതിനെ തുടര്‍ന്ന് മുതലയെ സ്വയം പിടികൂടി ഗ്രാമവാസികൾ. എട്ട് അടി നീളമുള്ള മുതലയെ പിടികൂടി തോളിലിട്ട് നടക്കുന്ന ഗ്രാമവാസികളില്‍ ഒരാളിന്‍റെ വിഡിയോ വൈറലാണ്. കോട്ട ജില്ലയിലെ ഇറ്റാവ സബ് ഡിവിഷനിലെ ബഞ്ചാരി ഗ്രാമത്തിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് എട്ട് അടി നീളവും 80 കിലോഗ്രാം ഭാരവുമുള്ള മുതല വീട്ടിലേക്ക്, മുന്‍വാതിലിലൂടെ കയറിവന്നത്. ഈ സമയം കുടുംബം സ്വീകരണമുറിയിലായിരുന്നു. പിന്നാലെ കുടുംബം മുഴുവൻ ഭയന്ന് പുറത്തേക്ക് ഓടി. കുടുംബം ഉടൻ തന്നെ പ്രാദേശിക അധികാരികളെ വിവരമറിയിച്ചെങ്കിലും വളരെ നേരം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരോ വനംവകുപ്പോ എത്തിയില്ല.
തുടര്‍ന്ന് ഗ്രാമത്തില്‍ ആകെ ഭയം നിറഞ്ഞതോടെ ഗ്രാമവാസികൾ ഇറ്റാവയിൽ നിന്നുള്ള മൃഗസ്നേഹിയായ ഹയാത്ത് ഖാൻ ടൈഗറുമായി ബന്ധപ്പെടുകയായിരുന്നു. ഹയാത്തും സംഘവും ഉടൻ തന്നെ എത്തി മുതലയെ പിടികൂടി. മുതല ആക്രമിക്കുന്നത് തടയാൻ ആദ്യം അതിന്റെ വായിൽ ടേപ്പ് ഒട്ടിച്ചു മുൻകാലുകളും പിൻകാലുകളും കയറുകൾ ഉപയോഗിച്ച് കെട്ടിയാണ് മുതലയെ വീട്ടില്‍ നിന്നും മാറ്റിയത്. ഏകദേശം ഒരു മണിക്കൂർ സമയമെടുത്താണ് മുതലയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയില്‍, ഹയാത്ത് ഖാൻ മുതലയെ തോളിലേറ്റി നടക്കുന്നത് കാണാം. ഗ്രാമവാസികൾ ആർപ്പുവിളിക്കുകയും കൈയടിക്കുകയും ചെയ്യുന്നുമുണ്ട്. പിടികൂടിയ മുതലയെ ശനിയാഴ്ച ചമ്പൽ നദിയിലേക്ക് സുരക്ഷിതമായി തുറന്നുവിട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ബഞ്ചാരി ഗ്രാമത്തിൽ നിന്ന് പിടികൂടൂന്ന മൂന്നാമത്തെ മുതലയാണിത്. മുതലകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് പ്രദേശവാസികളിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഗ്രാമത്തിലെ ഒരു കുളം നിരവധി മുതലകളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും ഇത് തങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്നുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി, ഈ മുതലകൾ കാരണം കുളത്തിലെ വെള്ളം ഉപയോഗിക്കാൻ പോയിട്ട് അതിലേക്ക് കാലെടുത്തുവയ്ക്കാന്‍ പോലും ഇവര്‍ക്ക് ഭയമാണ്. ഈ പ്രശ്നത്തില്‍ സ്ഥിരമായി ഒരു പരിഹാരം വേണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.