ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർഥികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുറിയിൽ ഇന്നലെ പൊലീസ് നടത്തിയ തിരച്ചിലിൽ സെക്സ് ടോയ്സ് ഉൾപ്പെടെ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കുമൊപ്പം സ്വാമി നിൽക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
ഇയാളുടെ സഹായികളായിരുന്ന 3 വനിതകളും അറസ്റ്റിലായി. അസോഷ്യേറ്റ് ഡീനും സീനിയർ അധ്യാപികയുമായി ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപിൽ, സീനിയർ അധ്യാപിക കാജൽ എന്നിവരാണു പിടിയിലായത്. സ്വാമിയുടെ നിർദേശമനുസരിച്ചു പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.
സ്വാമി പറയുന്നത് അനുസരിക്കാൻ ഈ സ്ത്രീകൾ കുട്ടികളെ നിർബന്ധിച്ചിരുന്നെന്നും സ്വാമിക്കെതിരെയുള്ള തെളിവുകൾ പെൺകുട്ടികളുടെ ഫോണിൽനിന്ന് ഇവർ ഇല്ലാതാക്കിയെന്നും കുട്ടികൾ പരാതിയിൽ ആരോപിച്ചിരുന്നു. 17 പെൺകുട്ടികളാണ് ചൈതന്യാനന്ദയ്ക്കെതിരെ പരാതി നൽകിയിട്ടുള്ളത്. സ്വാമിയുടെ നിർദേശങ്ങൾ അനുസരിച്ചിരുന്നെന്നും സ്വാമിയുടെ ഇഷ്ടങ്ങൾക്ക് വഴങ്ങാൻ കുട്ടികളെ നിർബന്ധിച്ചിരുന്നെന്നും ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് 62 വയസ്സുകാരനായ ചൈതന്യാനന്ദയെ ഒളിവിൽ കഴിഞ്ഞിരുന്ന ആഗ്രയിലെ ഹോട്ടലിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 5 ദിവസം റിമാൻഡ് ചെയ്തു. ഒഡിഷ സ്വദേശിയായ ചൈതന്യാനന്ദയുടെ ശരിയായ പേര് പാർഥസാരഥിയെന്നാണ്. ഇയാളിൽനിന്ന് 3 ഫോണുകളും ഒരു ഐപാഡും കണ്ടെടുത്തിട്ടുണ്ട്. വിദ്യാർഥിനികളുടെ യോഗ ചിത്രങ്ങളെക്കുറിച്ച് അനാവശ്യ പരാമർശം നടത്തുന്നതിന്റെ ദൃശ്യങ്ങളും ഫോണിലുണ്ട്.