കരൂരിൽ ടിവികെ റാലിയ്ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരണമടഞ്ഞ സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് തമിഴ് നടി ഓവിയ. ഇൻസ്റ്റാഗ്രാം സ്‌റ്റോറിൽ ‘അറസ്റ്റ് വിജയ്’ എന്ന് എഴുതിയാണ് നടി പ്രതികരണം അറിയിച്ചത്.
എന്നാല്‍ ഇതിന് പിന്നാലെ ഓവിയക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് വിജയ്‌യുടെ ആരാധകർ നടത്തുന്നത്. തെറികൾ അടങ്ങിയ കമന്റുകളുടെ സ്ക്രീൻഷോട്ട് ഓവിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ഇതിന് പിന്നാലെ ഓവിയ പോസ്റ്റ് ഡിലിറ്റ് ചെയ്തു. ‘ചീത്ത പറയാനാണ് വന്നത്. എന്നാൽ ചീത്ത വിളിക്കുന്ന കമന്റുകൾ കണ്ട് മനസ്സിന് സമാധാനം തോന്നുന്നു’ എന്നാണ് ഓവിയയുടെ ചിത്രത്തിന് താഴെ ഒരാൾ കുറിച്ചിരിക്കുന്നത്.
സ്റ്റോറി ഡിലീറ്റ് ചെയ്തതിന് പിന്നാലെ താരം ഒരു ഉദ്ധരണി താരം പോസ്റ്റ് ചെയ്തു. ‘ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, വിഡ്ഢികൾക്ക് ജീവിതം കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ദുരന്തവും’ എന്ന് എഴുതിയ ഉദ്ധരണിയാണ് ഓവിയ പങ്കുവച്ചത്. കരൂർ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്.