വഴിയില്‍ കിടക്കുന്ന തെരുവ് നായ, ഒരു യുവതി വളരെ കാര്യമായി അതിനടുത്ത് ചെന്ന് അതിനെ ലാളിക്കുന്നു, നിമിഷനേരം കൊണ്ട് നായ കുതറി എഴുന്നേറ്റ് അവരുടെ മുഖം കടിച്ച് കീറുന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങി വിഡിയോ ഇപ്പോള്‍ സൈബറിടത്ത് വീണ്ടും വൈറലാണ്. വഴിയെ പോയ നായയുടെ കടി എരന്നു വാങ്ങുകയായിരുന്നോ എന്നാണ് കമന്‍റ് ബോക്സിലെ ചോദ്യം. യുവതിയുടെ മുഖം കടിച്ച് കീറിയ നായ അവിടെ നിന്ന് ഓടിപോവുന്നതും ദൃശ്യങ്ങളില്‍ കാണാം. വിഡിയോയുടെ ഉറവിടം വ്യക്തമല്ലാ. പഴയ വിഡിയോ ആണെന്നും വീണ്ടും കുത്തിപ്പെക്കിയതാണെന്നുമാണ് കമന്‍റ്.
അതേ സമയം തെരുവുനായ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി നടി സദ രംഗത്ത് എത്തി. നായ്ക്കൾ അക്രമകാരികൾ ആകുന്നതിന് കാരണം മനുഷ്യരുടെ പെരുമാറ്റമാണെന്നും മൃഗങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് കുട്ടികളെ പഠിപ്പിക്കുന്നില്ലെന്നും അതിനാലാണ് അവ കടിക്കുന്നതെന്നും സദ പറയുന്നു. ഒരു കുട്ടി തെരുവുനായയെ സൈക്കിളില്‍ പിന്തുടരുന്നതും പിന്നീട് കല്ലെറിയുന്നതുമായ വിഡിയോ പങ്കുവച്ചുകൊണ്ടാണ് സദയുടെ പ്രതികരണം. നായകളെ സ്നേഹത്തോടെയും അനുകമ്പയോടെയും പരിഗണിച്ചാല്‍ അവ മനുഷ്യന്‍റെ ഉറ്റ സുഹൃത്താകുമെന്നും സദ പറഞ്ഞു.
സദയുടെ വാക്കുകൾ: 'നായകള്‍ കുട്ടികളെ കടിക്കുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നുണ്ടെങ്കില്‍ അതിന് കാരണം ഇതാണ്. കുട്ടികളെ ഒരിക്കലും അനുകമ്പ എന്താണെന്ന് പഠിപ്പിക്കുന്നില്ല, മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് നായ്ക്കളാണെങ്കിലും മറ്റേത് മൃഗമാണെങ്കിലും പ്രതിരോധത്തിനായോ പേടി കൊണ്ടോ പ്രതികരിക്കുകയോ കടിക്കുകയോ ചെയ്യുന്നത്. നിങ്ങള്‍ ഒരിക്കലെങ്കിലും ഒരു നായയ്ക്ക് ഭക്ഷണം കൊടുക്കുകയാണെങ്കില്‍ ഏത് ഭീകരമായ സാഹചര്യത്തിലും അത് നിങ്ങളെ രക്ഷിക്കാന്‍ ജീവന്‍ പോലും കൊടുക്കും. നായ്ക്കള്‍ക്ക് കുറ്റകൃത്യം തടയുന്നതില്‍ നിങ്ങളെ സഹായിക്കാനാകും, മനുഷ്യന്‍റെ ഉറ്റ സുഹൃത്തെന്ന നിലയിലാണ് നായ അറിയപ്പെടുന്നത്. വെറുപ്പോടെയും ക്രൂരതയോടെയുമല്ല, അവരെ സ്നേഹത്തോടെയും അനുകമ്പയോടെയും പരിഗണിച്ചാല്‍ മാത്രമാണ് ഉറ്റ സുഹൃത്താവുക. അതാണ് പ്രശ്നം. ഏതെങ്കിലും നായ കുരയ്ക്കുകയോ നിങ്ങളെ ആക്രമിക്കാന്‍ വരികയോ ചെയ്താല്‍ അതിന് കാരണം അവര്‍ ഒരിക്കലും മനുഷ്യത്വം അനുഭവിക്കാത്തതുകൊണ്ടാണ്, സ്നേഹം അനുഭവിക്കാത്തതുകൊണ്ടാണ്. അവര്‍ മനുഷ്യരെ വിശ്വസിക്കുന്നില്ല. അതിനാല്‍ നിങ്ങളെ ഭീഷണിയായി കാണുകയും പ്രതികരിക്കുകയും ചെയ്യും. അവരോടുള്ള നിങ്ങളുടെ വെറുപ്പിന്‍റെ ഫലമാണത്,' സദ പറഞ്ഞു.