വോട്ടുകൊള്ളയുടെ പേരില്‍ തന്‍റെ ചിത്രം പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസുകാര്‍ ദുരുപയോഗിച്ചെന്ന് ബിഹാറിലെ വോട്ടറായ മിന്‍റാ ദേവി. മിന്റാ ദേവി ആശങ്കപ്പെടേണ്ടതില്ലെന്നും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കായാണ് ശബ്ദം ഉയര്‍ത്തുന്നത് എന്നുമാണ് കോണ്‍ഗ്രസിന്റെ മറുപടി. വോട്ട് കൊള്ളക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി മിന്‍റാ ദേവിയുടെ പടമുള്ള ടീ ഷര്‍ട്ടണിഞ്ഞ് കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്‍റിലെത്തിയിരുന്നു. നാളെ മുതല്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും.
വോട്ട് കൊള്ളക്കെതിരായ പാർലമെൻ്റിലെ ഇന്നലത്തെ പ്രതിഷേധത്തിന് മിന്‍റാ ദേവിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ വന്നത്. മിന്‍റാ ദേവിയുടെ പ്രായം ബീഹാറിലെ കരട് വോട്ടര്‍പട്ടികയില്‍ 124 വയസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കന്നിവോട്ടറായ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷനാണ് മുത്തശ്ശിയാക്കിയെന്ന് മിന്‍റാ ദേവി വ്യക്തമാക്കി. എന്നാല്‍ തന്റെ ചിത്രം ടീഷര്‍ട്ടില്‍ പതിക്കാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ആര് അനുവാദം നല്‍കി എന്ന് മിന്‍റാ ദേവി ചോദിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെറ്റായി ജനന തീയതി രേഖപ്പെടുത്തിയതിന് താനെന്ത് ചെയ്യണം എന്നും മിന്റ ദേവി. മിന്റെ ദേവിയുടെ പ്രതികരണം ബിജെപി ഏറ്റെടുത്തു. മിന്റ ദേവിയെപോലെ വോട്ട് കൊള്ളക്ക് ഇരയാക്കപ്പെടുന്നവര്‍ക്കായാണ് പോരാട്ടം എന്നാണ് കോണ്‍ഗ്രസിൻ്റെ മറുപടി
പൗരാവകാശങ്ങൾ ഇല്ലാതാക്കലും വ്യക്തി വിവരങ്ങൾ മോഷ്ടിക്കലുമാണെന്ന് നടക്കുന്നത് എന്ന് ആരോപിച്ച് വോട്ടു കൊള്ളയെ പരിഹസിച്ചുള്ള വീഡിയോ രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവച്ചു. ജനാധിപത്യ സംരക്ഷണ മുദ്രാവാക്യമുയർത്തിയുള്ള നാളത്തെ ഡിസിസി തല പന്തം കൊളുത്തി പ്രകടനത്തോടെയാണ് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുക. ഞായറാഴ്ച മുതൽ രാഹുൽ ഗാന്ധി ബീഹാറിലെ 21 ജില്ലകളിലൂടെ ഭാരത് ജോഡോക്ക് സമാനമായ യാത്ര നടത്തും. വോട്ട് കൊള്ള തടയാൻ കോൺഗ്രസ് ബ്ലോക്ക് തല ഏജൻറുമാർക്ക് പ്രത്യേക പരിശീലനം നല്‍കാനാരംഭിച്ചു.