ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുക, പൈസ കൊടുക്കാതെ മുങ്ങുക, പ്ലാൻ എല്ലാം സെറ്റ്, പക്ഷെ സിസിടിവി പണി തരുമെന്ന് കരുതിയില്ല, കിട്ടിയതാവട്ടെ എട്ടിന്റെ പണിയും, യുപിയാണ് സംഭവം, റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചിട്ട് പണം നൽകാതിരിക്കാൻ വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണമിട്ട് പ്രശ്നം സൃഷ്ടിച്ച യുവാക്കൾക്കാണ് പണി പാളിയത്.
ജൂലായ് 31നാണ് സംഭവം നടന്നത്. ശാസ്ത്രി ചൗക്കിലെ ബിരിയാണി ബേയെന്ന റെസ്റ്റോറന്റിലാണ് പത്തുപേരോളം അടങ്ങുന്ന യുവാക്കളുടെ സംഘം ഭക്ഷണം കഴിക്കാനെത്തിയത്. ഇവർ വെജ് , നോൺ വെജ് ബിരിയാണികൾ ഓർഡർ ചെയ്തു, ഭക്ഷണം ലഭിച്ചതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന ഒരാൾ, വെജ് ബിരിയാണിയിൽ നിന്നും എല്ലിൻ കഷ്ണം കിട്ടിയെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി. പിന്നാലെ റെസ്റ്റോറന്റ് മാനേജർ പൊലീസിനെ വിളിച്ചു. തുടർന്നാണ് റെസ്റ്റാറന്റിലെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചത്. സംഘത്തിൽ ഉണ്ടായിരുന്ന ഒരു യുവാവ് ആരോപണം ഉയർത്തിയ യുവാവിന് എല്ലിൻ കഷ്ണം കൈമാറുന്നതും ഇത് വെജ് ബിരിയാണിയുള്ള പാത്രത്തിലേക്ക് വയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി. ഇതോടെയാണ് യുവാക്കൾ കുടുങ്ങുകയായിരുന്നു.
തന്റെ റെസ്റ്റോറന്റിലെ അടുക്കളയിൽ വ്യത്യസ്ത ഇടങ്ങളിലാണ് മാംസവും പച്ചക്കറിയും പാകം ചെയ്യുന്നതെന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഉടമ പറഞ്ഞു. യുവാക്കൾ ആറായിരം രൂപയോട് അടുത്തുള്ള ഭക്ഷണമാണ് റെസ്റ്റോറന്റിൽ നിന്നും വാങ്ങിയത്. ഏതായാലും യുവാക്കളും സിസിടിവി ദൃശ്യങ്ങളും സൈബറിടത്ത് വൈറലാണ്.