cook

TOPICS COVERED

മികച്ച ഒരു കൈത്തൊഴിലുണ്ടെങ്കില്‍ ഏത് അവസ്ഥയിലും ജീവിക്കാനാകുമെന്നത് വെറും വാചകമല്ല. വൈറ്റ് കോളര്‍ ആകണമെന്നില്ല  ആത്മാര്‍ഥമായി ജോലി ചെയ്താല്‍ ഏത് തൊഴിലിലും മികച്ച വേതനം ലഭിക്കും. അത്തരമൊരു ജോലിക്കാരനാണ് ഇപ്പോള്‍  സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഒരു വീട്ടില്‍ ദിവസവും അരമണിക്കൂര്‍ ജോലി . ഒരുമാസത്തെ പ്രതിഫലം 18000രൂപ. കൈപ്പുണ്യമുള്ളൊരു പാചകക്കാരന്‍റേതാണ് ഈ വേതനം.  തന്‍റെ പാചകക്കാരന്‍റെ കൂലിയെക്കുറിച്ചുള്ള മുംബൈ സ്വദേശിനിയായ അഭിഭാഷകയുടെ പോസ്റ്റാണ് വൈറലായത്.

ആയുഷി ദോഷി എന്ന അഭിഭാഷകയാണ് മഹാരാജ് എന്ന തന്‍റെ പാചകക്കാരന്‍റെ കൗതുകമുണര്‍ത്തുന്ന നേട്ടം പങ്കുവെച്ചത്. ഒരേ കെട്ടിട സമുച്ചയത്തിൽ എല്ലാ ദിവസവും 10-12 വീടുകളിലാണ് മഹാരാജ് ജോലി ചെയ്യുന്നത്. കുടുംബത്തിന്‍റെ വലുപ്പമനുസരിച്ച് ഓരോ വീട്ടിലും 30 മിനിറ്റോളം ചെലവഴിക്കുന്നു. യാത്രയ്ക്കായി സമയം കളയാനില്ല, എല്ലായിടത്തുനിന്നും സൗജന്യ ഭക്ഷണവും ചായയും ലഭിക്കുന്നതിനാല്‍ ഭക്ഷണത്തിനായും അധിക ചെലവില്ല. കൃത്യസമയത്ത് വേതനം ലഭിക്കുന്നു. മുന്‍കൂട്ടി അറിയിപ്പ് നല്‍കുകയോ യാത്ര പറയുകയോ ചെയ്യാതെ ഏതുസമയത്തും ജോലി വേണ്ടെന്നുവയ്ക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. മഹാരാജിന്‍റെ തൊഴില്‍ സ്വാതന്ത്ര്യത്തെയും വേതനത്തെയും കോര്‍പ്പറേറ്റ് ജീവനക്കാരുടെ ജീവിതവുമായി താരതമ്യപ്പെടുത്തിയായിരുന്നു പോസ്റ്റ്.

സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കുറിപ്പില്‍ വ്യത്യസ്തമായ രീതിയിലാണ് പലരും പ്രതികരിച്ചത്. പാര്‍ട് ടൈം പാചകത്തിന് 18,000 രൂപ അതിശയോക്തിപരമാണെന്നും 30 മിനിറ്റില്‍ ആയാള്‍ എന്ത് ഭക്ഷണമാണ് പാചകം ചെയ്യുന്നതെന്നും സംശയം പ്രകടിപ്പിച്ചവരുമുണ്ട്. എന്നാല്‍ ജീവിതച്ചെലവ് ഏറിയ സൗത്ത് മുംബൈയില്‍ ഈ വേതനം സാധാരണമാണെന്നും മുഴുവന്‍ സമയ പാചകക്കാരെ ലഭിക്കണമങ്കില്‍ 25,000 രൂപ വരെ വരെ ചെലവിടേണ്ടി വരുമെന്നും കമന്‍റുകളുണ്ട്. 

അതേസമയം, നൈപുണ്യമുള്ള തൊഴിലാളികൾക്ക്  അവരുടെ സ്വന്തം ഷെഡ്യൂളുകൾക്കനുസരിച്ച് നന്നായി സമ്പാദിക്കാനും സമാധാനത്തോടെ ജീവിക്കാനും സാധിക്കുന്നു എന്ന് പറയാനാണ് താന്‍ ശ്രമിച്ചതെന്നും ഒരു ജോലിയെയും വിലകുറച്ച് കാണരുതെന്നും പോസ്റ്റ് പങ്കുവെച്ച അഭിഭാഷക വ്യക്തമാക്കി.

ENGLISH SUMMARY:

"If you have a good skill, you can survive in any situation" — this isn't just a saying. A news story that proves you can earn a high income in any profession if you work sincerely, not just in white-collar jobs, is gaining attention on social media. A post by a Mumbai-based lawyer has gone viral, revealing that her cook earns ₹18,000 per household for just 30 minutes of work daily