Image Credit: x/mrs_roh08
ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്‍ പൂഞ്ചില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട 22 കുട്ടികളെ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി.മാതാപിതാക്കളെ നഷ്ടപ്പെട്ടവരെയും കുടുംബത്തിന്‍റെ അത്താണി നഷ്ടപ്പെട്ടവരെയുമാണ് രാഹുല്‍ ദത്തെടുക്കുന്നത്. ഇവരുടെ വിദ്യാഭ്യാസം ബിരുദം പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായും രാഹുല്‍ ഏറ്റെടുക്കുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാര അറിയിച്ചതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു
വിദ്യാഭ്യാസം തടസമില്ലാതെ മുന്നോട്ട് പോകുന്നതിനായി സാമ്പത്തിക സഹായത്തിന്‍റെ ആദ്യ ഗഡു ഈ ആഴ്ചയില്‍ തന്നെ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മേയില്‍ പൂഞ്ച് സന്ദര്‍ശിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുട്ടികളുടെ വിവരങ്ങള്‍ രാഹുല്‍ തേടിയത്. ഇതനുസരിച്ച് സര്‍വെ നടത്തിയും സര്‍ക്കാര്‍ രേഖകളുമായി ഒത്തുനോക്കിയുമാണ് പട്ടിക തയ്യാറാക്കിയത്. മേയിലെ സന്ദര്‍ശനത്തിനിടെ പൂഞ്ചിലെ ക്രൈസ്റ്റ് പബ്ലിക് സ്കൂളും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ ഇരട്ട സഹോദരങ്ങളായ ഉര്‍ബ ഫാത്തിമയും സെയ്ന്‍ അലിയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സഹപാഠികളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.
കനത്ത ഷെല്ലാക്രമണമാണ് പൂഞ്ച് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ അന്ന് നടത്തിയത്. പാക് മിസൈലുകളെ ഇന്ത്യന്‍ വ്യോമപ്രതിരോധം നിര്‍വീര്യമാക്കിയെങ്കിലും ചിലയിടങ്ങളില്‍ ഷെല്ലുകള്‍ പതിക്കുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. ഏപ്രില്‍ 22ന് പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്കെതിരെ പാക് ഭീകരര്‍ നടത്തിയ നിഷ്ഠൂരമായ ആക്രമണത്തില്‍ 26 ജീവനുകളാണ് പൊലിഞ്ഞത്. ഇതിന് തിരിച്ചടിയായി പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരത്താവളങ്ങള്‍ സൈന്യം ആക്രമിച്ച് തകര്‍ത്തിരുന്നു. നൂറിലേറെ ഭീകരവാദികളെയും വകവരുത്തി.